ചെന്നൈ: ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചെന്നൈയിൽ ആയിരക്കണക്കിന് ലിറ്റർ എണ്ണമാലിന്യം ജലത്തിൽ കലർന്നതായി കണ്ടെത്തി. ചെന്നൈയിലെ എന്നൂർ പ്രദേശത്ത് വെള്ളപ്പൊക്കത്തിൽ എണ്ണ പാളികൾ പൊങ്ങിക്കിടക്കുന്ന വീഡിയോ വൈറലായിരുന്നു. ഈ പ്രദേശം നിരവധി എണ്ണ ശുദ്ധീകരണശാലകളും പെട്രോകെമിക്കൽ വ്യവസായങ്ങളും ഉള്ള സ്ഥലമാണ്.നിലവിൽ എണ്ണ വിസർജ്ജനത്തിന്റെ ഉത്ഭവം കണ്ടെത്തിയിട്ടില്ല.പ്രദേശത്തെ നിർണായക ജലപാതയായ ബക്കിംഗ്ഹാം കനാലിലേക്ക് ക്രൂഡ് ഓയിൽ ഒഴുകിയെത്തിയെന്നാണ് റിപ്പോർട്ട്. ഇരുണ്ട കറ പോലെ മിനുസമാർന്ന എണ്ണ, കനാലിന്റെ ഉപരിതലത്തിലൂടെ സ്വതന്ത്രമായി ഒഴുകുന്നത് വൈറൽ വീഡിയോകളിൽ കാണാം.

ഇത് എന്നൂർഅഴിമുഖത്തും കടലിലും മത്സ്യ സമ്പത്തിനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.. വടക്കൻ ചെന്നൈയിലെ 3 നീർത്തടങ്ങളിലൂടെ ഒഴുകിയെത്തിയ പ്രളയജലം എന്നൂർ അഴിമുഖത്തിലൂടെ കടലിൽ കലരുകയായിരുന്നു. ഇങ്ങനെ അധികമായി ഒഴുകിയെത്തിയ ജലം വലിച്ചെടുക്കാൻ കഴിയാതെ അഴിമുഖം നിശ്ചലമായി. തുടർന്ന് ജലം ഈ നീർച്ചാലുകളിൽ കൂടി പുറകോട്ട് സഞ്ചരിച്ചു. ഇതോടെ ആയിരക്കണക്കിന് വീടുകളും വ്യവസായശാലകളും വെള്ളത്തിനടിയിലായി.
വെള്ളക്കെട്ട് കുറഞ്ഞു തുടങ്ങിയപ്പോൾ ഫാക്ടറികളിൽ ഒഴുകിയെത്തിയ ജലവും എണ്ണ മാലിന്യവുമായി കലർന്ന് എന്നൂർ അഴിമുഖം വഴി കടലിലേക്ക് വീണ്ടും ഒഴുകുകയായിരുന്നു. സാന്ദ്രഗുപ്പം മുതൽ എന്നൂർ അഴിമുഖം വഴി കിലോമീറ്ററുകളോളം ദൂരത്തിൽ കടലിൽ ഓയിൽ ഫിലിം അടിഞ്ഞുകൂടിയ പ്രളയ ജലം ഒഴുകിയെത്തി. ഈ എണ്ണ ചോർച്ച എന്നൂർ അഴിമുഖത്തും സമുദ്ര മേഖലയിലും മത്സ്യബന്ധനത്തെ സാരമായി ബാധിക്കുന്നതായി പരിസ്ഥിതി പ്രവർത്തകരും മത്സ്യബന്ധന തൊഴിലാളികളും മുന്നറിയിപ്പ് നൽകിയിരുന്നു..

ഇതേ തുടർന്ന് എന്നൂരിൽ പെട്രോ കെമിക്കൽ മാലിന്യങ്ങൾ മഴ വെള്ളത്തിൽ കലരുന്നത് സംബന്ധിച്ച് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിനോട് ദേശീയ ഹരിത ട്രിബ്യൂണൽ വിശദീകരണം ആവശ്യപ്പെട്ടു. ഗതിഗതികൾ വിലയിരുത്താൻ എന്തുകൊണ്ട് സർക്കാർ വിദഗ്ധസമിതിയെ രൂപീകരിച്ചില്ല എന്നും ചോദിച്ചു. എന്നാൽ ചോർച്ചയില്ലെന്നും തറനിരപ്പിലെ മലിനജലം മാത്രമാണ് മഴ വെള്ളത്തിൽ കലർന്നതൊന്നും പെട്രോൾ കെമിക്കൽ അസോസിയേഷൻ അറിയിച്ചതായി തമിഴ്നാട് മലിനീകരണം നിയന്ത്രണ ബോർഡ് മറുപടിയായി പറഞ്ഞു.
എന്നൂർഅഴിമുഖത്തിന് സമീപമുള്ള തിരുവോട്ടിയൂരിൽ പട്രോളിയം വ്യവസായവുമായി ബന്ധപ്പെട്ട നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.
തുടർന്ന് ഈ വിഷയവുമാ
യി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് വാദം കേട്ട ദേശീയ ഹരിത ട്രിബുണൽ ദക്ഷിണേന്ത്യൻ ബെഞ്ച്, ഈ വിഷയം പഠിച്ച് റിപ്പോർട്ട് നൽകുവാൻ ഒരു സമിതി രൂപീകരിച്ചു. ജസ്റ്റിസ് പുഷ്പ സത്യനാരായണ യും ദക്ഷിണേന്ത്യൻ ബഞ്ചിലെ വിദഗ്ധ അംഗം സത്യഗോപാൽ കോർലാപതിയും ചേർന്ന് തമിഴ്നാട് പരിസ്ഥിതി വകുപ്പ് സെക്രട്ടറിക്ക് കീഴിലാണ് സമിതി രൂപീകരിച്ചത്. ഈ സമിതിയിൽ തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ, ഫിഷറീസ് വകുപ്പ് ഡയറക്ടർ, ചെന്നൈ തിരുവള്ളൂർ ജില്ലാ കളക്ടർമാർ എന്നിവരും ഉൾപ്പെടുന്നു..
ഡിസംബർ 11ന് എണ്ണ ചോർന്ന സ്ഥലങ്ങൾ നേരിട്ട് പരിശോധിക്കാനും, വീടുകളിൽ എണ്ണയൊഴികിയ ഫിലിമിന്റെ സാമ്പിളുകൾ ശേഖരിക്കാനും, അതിൽ എന്തൊക്കെ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു, എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാകും, എന്നിവയൊക്കെ ഉൾപ്പെടുത്തി അടുത്ത ദിവസം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടു. തുടർന്ന് ഈ കേസിൽ വാദം കേൾക്കുന്നത് ഡിസംബർ 12ലേക്ക് മാറ്റി.
അതേസമയം ചെന്നൈയിൽ ഉണ്ടായ ഓയിൽ മലിനീകരണത്തിൽ തങ്ങളുടെ ഭാഗത്തുനിന്നുള്ള എണ്ണ മാലിന്യം മഴവെള്ളത്തിൽ കലർന്നിട്ടില്ല എന്ന് ചെന്നൈ ഓയിൽ റിഫൈനറി അറിയിച്ചു.














