തിരുവനന്തപുരം: സ്ത്രീധന സമ്മർദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഷഹ്നയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്ത്രീധനം എന്നത് തന്നെ നിയമ വിരുദ്ധമാണെന്നും അതൊരിക്കലും ചോദിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഷഹ്നയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിയമത്തിന്റെ അപര്യാപ്തത ഉണ്ടെങ്കിൽ അത് പരിഹരിക്കണം. പോലീസ് എന്തിനാണ് കുറ്റവാളികളെ സംരക്ഷിക്കുന്നത്. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരേണ്ടവരാണ് പോലീസ്. സർക്കാരിന്റെ ഭാഗത്തെ വീഴ്ചയാണിതൊക്കെ. പോലീസിന്റെ കുത്തഴിഞ്ഞ പ്രവർത്തനം ഒഴിവാക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കണം’.
സ്ത്രീധനം ചോദിക്കുന്നവരെ ഒറ്റപ്പെടുത്തണം. സംസ്ഥാനത്ത് വലിയ പ്രശ്നങ്ങൾ നടക്കുമ്പോഴും മന്ത്രിമാർ കൂട്ടത്തോടെ യാത്ര ചെയ്യുകയാണ്. കേരളത്തിലെ ജനത്തിന് അല്ലലില്ലാത്ത രീതിയിലുള്ള ജീവിതത്തിന് സർക്കാർ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അതാണ് ചീഫ് സെക്രട്ടറി ചെയ്യേണ്ടതെന്നും മുരളീധരൻ പറഞ്ഞു.