സ്ത്രീധനം വാങ്ങുന്നവരെ ജയിൽ ശിക്ഷയ്‌ക്ക് വിധേയമാക്കണമെന്ന് നടൻ ബാല. എറണാകുളം സബ് ജയിലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ബാല ഇത്തരത്തിൽ പ്രതികരിച്ചത്. ജയിലിൽ നടന്ന പരിപാടിയിൽ, ജയിൽ ശിക്ഷ പുനർജ്ജീവിക്കാനുള്ള ഒരു അവസരമാണെന്നും എല്ലാവരും നല്ല വ്യക്തി ആയതിന് ശേഷം ജയിലിൽ നിന്നും പുറത്ത് പോകണമെന്നും ബാല പറഞ്ഞു.
‘പെണ്ണിന്റെ അടുത്തു പോയി കാശ് ചോദിക്കുന്നവര്‍ ആണല്ല, അവനെയൊക്കെ തൂക്കി ജയിലില്‍ ഇടണം’. എന്നാണ് പരിപാടിക്ക് ശേഷം ബാല മാദ്ധ്യമങ്ങളോട് പറഞ്ഞത്. ബാലയുടെ ജയിലിലെ പ്രസംഗവും മാദ്ധ്യമങ്ങളോട് സ്ത്രീധനത്തെക്കുറിച്ച് പറയുന്നതും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
‘സബ് ജയിലിൽ കഴിയുന്നത് ശിക്ഷ എന്നാണ് എല്ലാവരും കരുതുന്നത്. അങ്ങനെയല്ല, വേറെ രീതിയിൽ ചിന്തിച്ചാൽ ഇവിടം പുനർജ്ജീവിക്കാനുള്ള ഒരു ഇടമാണ്. ഞാൻ നല്ലൊരു വ്യക്തി ആയിട്ടാണ് ഇവിടെന്ന് പുറത്ത് പോകുന്നതെന്ന് ചിന്തിക്കുക. അങ്ങനെ ഒരു ചിന്താഗതിയിൽ ജീവിക്കുകയാണെങ്കിൽ ഒരോ ദിവസവും ഇവിടെ നിങ്ങൾക്ക് ആഘോഷിക്കാൻ സാധിക്കും. ഇവിടെ നിന്നും പുറത്ത് ഇറങ്ങുമ്പോൾ ലോകം നിങ്ങള്‍ക്ക് ബഹുമാനം നല്‍കും. നിങ്ങള്‍ ചിരിച്ചാല്‍ എല്ലാവരും ചിരിക്കും
നിങ്ങളുടെ മൈൻഡ് ഒക്കെ ഒന്നു മാറാൻ ഏറ്റവും നല്ലത് സ്പോർട്സാണ്. അതുകൊണ്ട്, നിങ്ങൾക്ക് വേണ്ടി കാരംബോർഡും കുറച്ച് സാധനങ്ങളും ഞാൻ വാങ്ങിയിട്ടുണ്ട്. ഇനി എന്തെങ്കിലും വേണമെങ്കിൽ എന്നെ അറിയിച്ചാൽ മതി. എനിക്ക് അറിയാം ഒറ്റപ്പെടല്‍ എന്താണ് എന്ന്, നിങ്ങള്‍ എത്രയും വേഗം പുറത്തിറങ്ങട്ടെ ലോകം തന്നെ കൂടെ ഉണ്ടാകും.’- ബാല പറഞ്ഞു.