ഭരതത്തിന്റെ പ്രിവ്യൂ കണ്ട ഒരു പ്രമുഖ നടൻ പറഞ്ഞത് സിനിമ വിജയിക്കില്ലെന്നായിരുന്നു എന്ന് സംവിധായകൻ സിബി മലയിൽ. എന്നാൽ, സിനിമ തിയേറ്ററിൽ എത്തിയപ്പോൾ വലിയ വിജയമായി മാറിയെന്നും എല്ലാ രീതിയിലും ശ്രദ്ധിച്ചെന്നും സിബിമലയിൽ പറഞ്ഞു. മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി തന്നെ ഭരതത്തെ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ സിബി മലയിൽ തുറന്ന് പറഞ്ഞത്.
‘രാവും പകലും ഒരുപാട് കഷ്ടപ്പെട്ട് ഉറങ്ങാതെ ബുദ്ധിമുട്ടിയാണ് ഭരതം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചത്. തിയേറ്ററുകളെയൊക്കെ അറിയിച്ചതായിരുന്നു. സിനിമയുടെ പണികൾ പൂർത്തീകരിക്കാനും സമയം എടുത്തിരുന്നു. അത്രമാത്രം മുൾമുനയിൽ നിന്നാണ് സിനിമ പൂർത്തിയാക്കിയത്.
ഭരതത്തിന്റെ പ്രിവ്യൂ ഷോ മദ്രാസിലെ ഫിലിം ചേമ്പർ തിയേറ്ററിലായിരുന്നു നടത്തിയത്. അന്ന് ഭരതം കണ്ട ഒരു പ്രമുഖ നടൻ എന്നോട് സിനിമയെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞിരുന്നു. ആദ്യകാലങ്ങളിൽ എന്റെ സിനിമയിലൂടെയൊക്കെ തന്നെ വന്ന ഒരു നടനാണ് അയാൾ. അദ്ദേഹം പടം കണ്ടിട്ട് എന്റെ അടുത്തുവന്നു. എന്നിട്ട് ഇതിന് അവാർഡ് കിട്ടുമെന്ന് പറഞ്ഞു.
പടം തിയേറ്ററിൽ അധികം ഓടാൻ പോവുന്നില്ല, പക്ഷെ അവാർഡ് ഒക്കെ കിട്ടുമെന്നായിരുന്നു അതിന്റെ ധ്വനി. പക്ഷെ എനിക്കങ്ങനെ സന്ദേഹം ഒന്നുമില്ലായിരുന്നു. കാരണം അദ്ദേഹം അങ്ങനത്തെ സിനിമകൾ കണ്ട് ശീലമില്ലാത്ത ഒരാളായതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അങ്ങനെയാണ് ഞാൻ അതിനെ കാണുന്നത്. എന്തായാലും പിന്നീട് സിനിമ തിയേറ്ററിൽ എത്തിയപ്പോൾ വലിയ വിജയമായി. എല്ലാ രീതിയിലും ഭരതം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ ഉണ്ടായ മികച്ച ചിത്രങ്ങളിൽ ഒന്നായി തന്നെ അതിനെ പരിഗണിക്കപ്പെടുന്നുണ്ട്.’-സിബി മലയിൽ പറഞ്ഞു.















