ഊണോ, അത്താഴമോ കഴിച്ചതിനു ശേഷം അൽപം മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ പലരും. മധുരത്തിനോടുള്ള ആസക്തി വർദ്ധിച്ചു വരുന്നതിന്റെ ലക്ഷണമാണിത്. ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം മധുരം കഴിക്കാൻ തോന്നുമ്പോൾ പലപ്പോഴും നാം ചോക്ലേറ്റുകളും, മധുരമടങ്ങിയ പുഡ്ഡിങ്ങുകളുമൊക്കെയായിരിക്കും കഴിക്കാൻ തിരഞ്ഞെടുക്കുക. ഇനി ഇതൊന്നുമില്ലെങ്കിലോ കൈ നേരെ പോകുന്നത് പഞ്ചസാര പാത്രത്തിലേക്കുമായിരിക്കും. എന്നാൽ ഇത്തരം പ്രവണതകൾ വരുമ്പോൾ ചോക്ലേറ്റിനും, പഞ്ചസാരയ്‌ക്കുമൊക്കെ പകരമായി ശർക്കര തിരഞ്ഞെടുക്കാം. ഭക്ഷണം കഴിച്ചതിനു ശേഷം പഴമക്കാർ ഒരു പൊട്ട് ശർക്കര കഴിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. ഇതിനു ഗുണങ്ങളേറെയാണെന്നാണ് അവർ പറയുന്നത്. അറിയാം..
ദഹനം കൃത്യമാക്കുന്നു
ഭക്ഷണം കഴിച്ചതിനു ശേഷം അല്പം ശർക്കര കഴിക്കുന്നത് ദഹന വ്യവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശർക്കരയിൽ സൂക്രോസ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ തന്നെ മലബന്ധ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ഏറെ സഹായകരമാണ്.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
മുതിർന്നവരെന്നോ കുട്ടികളെന്നോ വേർത്തിരിവില്ലാതെ പലരും അനുഭവിക്കുന്ന ഒന്നാണ് രക്തസമ്മർദ്ദം. ശൈത്യകാലത്ത് ഇത് കൂടുതലാകാനും സാധ്യതയേറെയാണ്. ഇതിനാൽ ഭക്ഷണത്തിനു ശേഷം ശർക്കര കഴിക്കുന്നത് ഗുണകരമാണ്. പൊട്ടാസ്യത്തിന്റെ ഉറവിടമായ ശർക്കര രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.
വിളർച്ച തടയുന്നു, കരളിൽ നിന്നും വിഷാംശം നീക്കം ചെയ്യുന്നു
പൊട്ടാസ്യത്തിനു പുറമെ അയൺ ഘടകങ്ങളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനാവശ്യമായ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിനുപുറമെ കരളിൽ എത്തിപ്പെടുന്ന വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിനും സഹായകരമാണ്. ശർക്കരയും അല്പം നെയ്യും ചേർത്ത് കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്.
Note: അമിതമായി മധുരം കഴിക്കുന്നത് ശരീരത്തിനെ പ്രതികൂലമായി ബാധിക്കുന്നതാണ്. മറ്റു ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ വിദഗ്ധരുടെ നിർദ്ദേശ പ്രകാരം മധുരത്തിന്റെ ആസക്തി കുറയ്‌ക്കാനുള്ള വഴികൾ തിരഞ്ഞെടുക്കുക.















