ജയ്പൂർ: പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കാനുള്ള ഭാരതത്തിന്റെ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ആദ്യ തേജസ് മാർക്ക് 1A യുദ്ധവിമാനം പാക് അതിർത്തിയിൽ വിന്യസിക്കുമെന്ന് വ്യോമസേന വ്യക്തമാക്കി. രാജസ്ഥാനിലെ ബിക്കാനീറിലെ നാൽ എയർബേസിലാകും തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാന വ്യൂഹം വിന്യസിക്കുകയെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
പാക് അതിർത്തിയിൽ പ്രതിരോധം തീർക്കാൻ ഇവയ്‌ക്ക് സാധിക്കും. ഇതുവരെ വ്യോമസേന 180 വിമാനങ്ങൾ വാങ്ങാനുള്ള കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. വരുന്ന വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ആദ്യത്തെ വിമാനവ്യൂഹത്തെ വിന്യസിക്കുമെന്ന് സേന അറിയിച്ചു. ചരിത്രപരമായ സംഭവമാകുമിതെന്നാണ് ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി പറഞ്ഞത്. ഇതിന് പുറമേ 40 എൽസിഎ മാർക്ക് 1A യുദ്ധവിമാനങ്ങൾ ഭാവിയിൽ വാങ്ങാനും സേന പദ്ധതിയിടുന്നുണ്ട്.
65 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങളുള്ള തദ്ദേശീയമായി രൂപകൽപന ചെയ്ത് വികസിപ്പിച്ച യുദ്ധവിമാനമാണ് തേജസ് മാർക്ക് 1A. സൂപ്പർസോണിക് പ്രകടനം കൈവരിക്കുക എന്ന ഉദ്ദേശത്തോടെ എച്ച്എഎൽ വികസിപ്പിച്ച രണ്ടാമത്തെ യുദ്ധവിമാനമാണ് തേജസ്. നിലവിൽ തേജസിന്റെ മൂന്ന് പ്രൊഡക്ഷൻ മോഡലുകളുണ്ട് – മാർക്ക് 1, മാർക്ക് 1 എ, ട്രെയിനർ പതിപ്പ്.















