ഗ്രാമപ്രദേശങ്ങളിൽ വളരുന്ന പ്രധാന ഔഷധ സസ്യങ്ങളിലൊന്നാണ് കുറുന്തോട്ടി. എന്നാൽ പലപ്പോഴും ഈ സസ്യത്തിന്റെ ഔഷധഗുണങ്ങളെ കുറിച്ച് നമുക്ക് ധാരണയില്ലെന്നതാണ് യാഥാർത്ഥ്യം. ‘ കുറുന്തോട്ടിക്കും വാതം’ എന്നു പഴമക്കാർ പറയുമെങ്കിലും വാതരോഗമടക്കമുള്ള നിരവധി അസുഖങ്ങൾക്ക് ഉത്തമമാണ് കുറുന്തോട്ടി. അറിയാം..
വാതരോഗങ്ങളുടെ ചികിത്സയിൽ ആയുർവേദത്തിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കുറുന്തോട്ടി. വാതരോഗ മരുന്നുകളിൽ പ്രധാന ചേരുവയായി കുറുന്തോട്ടിയുടെ ഇലയും വേരുമെല്ലാം ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇലയും വേരും അരച്ചെടുത്ത നീര് ദിവസവും കഴിക്കുന്നത് വാതരോഗം ശമിപ്പിക്കാൻ സഹായകരമാണ്.
വയറിളക്കം, ദഹന പ്രശ്‌നങ്ങൾ തുടങ്ങിയവ ഇല്ലാതാക്കാനും മികച്ചതാണ് കുറുന്തോട്ടി. നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതിനാൽ തന്നെ ഈ സസ്യം പനിക്കുള്ള ഒറ്റമൂലി കൂടിയാണ്. കുറുന്തോട്ടിയുടെ വേരുകൾ ചവയ്‌ക്കുന്നത് പല്ലുവേദനയകറ്റാനും സഹായിക്കുന്നു. ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് അസ്ഥിയുരുക്കം. ഇത് തടയുന്നതിനും പ്രസവം സുഖകരമാക്കുന്നതിനും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കുറുന്തോട്ടി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. തലച്ചോറിനെ പ്രവർത്തന ക്ഷമമാക്കുന്നതിനും ഓർമ്മക്കുറവ് പരിഹരിക്കുന്നതിനും കുറുന്തോട്ടി ഇടിച്ചുപിഴിഞ്ഞ് ഉപയോഗിക്കാം. ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ് ഈ ഔഷധ സസ്യം.















