എറണാകുളം: ശബരിമലയിൽ തീർത്ഥാടകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ശബരിമല തീർത്ഥാടനം സമ്പൂർണ്ണമായി അട്ടിമറിക്കാനുള്ള നീക്കമാണ് സർക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘നേരത്തെ ആചാര ലംഘനത്തിലൂടെ ശബരിമല തീർത്ഥാടനം അപ്രസക്തമാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട സംസ്ഥാന സർക്കാർ ഇത്തവണ തീർത്ഥാടകരോട് കടുത്ത ക്രൂരത കാട്ടി തീർത്ഥാടനം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഭക്തർ ശബരിമലയിലേക്ക് ഇനി വരാതിരിക്കാൻ വേണ്ടിയുള്ള നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സന്നദ്ധ സംഘടനകളെ ഒഴിവാക്കി, ഭക്തരെ കഷ്ടപ്പെടുത്തുന്നു. നവകേരള സദസിന്റെ തിരക്കിലുള്ള ദേവസ്വം വകുപ്പ് മന്ത്രി ശബരിമലയിലെ പ്രശ്‌നങ്ങൾ ശ്രദ്ധിക്കുന്നുപോലുമില്ലെന്ന് പി.കെ.കൃഷ്ണദാസ് പറഞ്ഞു.
ശബരിമലയിൽ തീർത്ഥാടകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം. പരിചയ സമ്പന്നരായ പോലീസുകാരെ വിന്യസിക്കണം. പമ്പയിലും നിലയ്‌ക്കലിലും സന്നിധാനത്തും പ്രാഥമിക സൗകര്യങ്ങൾ ഒരുക്കണമെന്നും ഇതിനായി ആവശ്യമെങ്കിൽ സന്നദ്ധ സംഘടനകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















