ചെന്നൈ: നടി തൃഷയ്‌ക്കെതിരെ നൽകിയ മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലി ഖാന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസ് നൽകേണ്ടത് തൃഷയാണെന്നു പറഞ്ഞ മദ്രാസ് ഹൈക്കോടതി പൊതുവിടത്തിൽ മൻസൂർ അലി ഖാൻ എങ്ങനെ പെരുമാറാണമെന്ന് പഠിക്കണമെന്നും വിമർശിച്ചു. കേസ് ഈ മാസം 22-ലേക്ക് മാറ്റി വച്ചതായും കോടതി അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു നടിക്കെതിരെ മൻസൂർ അലി ഖാൻ കേസ് ഫയൽ ചെയ്തത്.
താൻ തമാശയ്‌ക്ക് പറഞ്ഞ കാര്യങ്ങൾ മനപൂർവ്വം എഡിറ്റ് ചെയ്ത് വീണ്ടും പ്രചരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തൃഷയ്‌ക്കെതിരെ മൻസൂർ അലി ഖാൻ കോടതിയിൽ പരാതി നൽകിയത്. തൃഷയ്‌ക്ക് പുറമെ നടിയും ദേശീയ വനിത കമ്മീഷൻ അംഗവുമായ ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും മൻസൂർ അലി ഖാൻ കേസ് കൊടുത്തിരുന്നു. മൂവരും ഒരു കോടി രൂപ വീതം നൽകണമെന്നായിരുന്നു നടൻ ആവശ്യപ്പെട്ടത്. എന്നാൽ മൻസൂർ അലി ഖാന്റെ വാദം കേട്ട മദ്രാസ് ഹൈക്കോടതി തൃഷയാണ് പരാതി നൽകേണ്ടതെന്ന് രൂക്ഷ വിമർശനം ഉന്നയിക്കുകയായിരുന്നു.















