എറണാകുളം: മുൻ സബ് ജഡ്ജിയും ഇടതുപക്ഷ സഹയാത്രികനുമായ എസ് സുദീപ് വനിതാ മാദ്ധ്യമ പ്രവർത്തകക്കെതിരെ അശ്ലീലം കലർന്ന അധിക്ഷേപപരമായ പോസ്റ്റ് ഇട്ട കേസിൽ പോസ്റ്റ് നീക്കം ചെയ്യാനുള്ള ഉത്തരവ് പാലിച്ചു എന്നുറപ്പിക്കുന്ന കംപ്ലയൻസ് സത്യവാങ്മൂലം സമർപ്പിക്കാൻ ഫേസ്ബുക്ക്-ഇന്ത്യയോട് കേരള ഹൈക്കോടതി നിർദ്ദേശിച്ചു.
പ്രമുഖ മാദ്ധ്യമ പ്രവര്ത്തകക്കെതിരെ മുൻ സബ് കോടതി ജഡ്ജി നടത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യാൻ ഉത്തരവിട്ട 17/11/2023, 24/11/2023 തീയതികളിലെ ഈ കോടതിയുടെ ഉത്തരവുകൾ എങ്ങനെ, ഏത് രീതിയിലാണ് പാലിച്ചതെന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി ഫേസ്ബുക്കിനോട് ആവശ്യപ്പെടുകയായിരുന്നു.
2023 നവംബർ 17ലെ ഉത്തരവുണ്ടായിട്ടും അശ്ളീല ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂർണ്ണമായും നീക്കം ചെയ്തില്ലെന്ന് മാദ്ധ്യമപ്രവർത്തകയുടെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. പോസ്റ്റ് ഇപ്പോഴും ഇന്ത്യയ്‌ക്ക് പുറത്ത് കാണാമെന്നും ഇന്ത്യയിൽ നിന്ന് മാത്രമാണ് മാറ്റിയതെന്നും കോടതിയെ അറിയിച്ചു. ഇതേത്തുടർന്നാണ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഫേസ്‍ബുക്കിന് നിർദ്ദേശം നൽകിയത്.
കേരളത്തിലെ മാദ്ധ്യമങ്ങളെ എൽഡിഎഫ് സർക്കാരും സിപിഎം സഹയാത്രികരും നിരന്തരം വേട്ടയാടുമ്പോഴാണ് എസ് സുദീപ് മാദ്ധ്യമ പ്രവർത്തകക്കെതിരെ പോസ്റ്റിട്ടത്. കർക്കിടകവാവ്, ശബരിമല തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എസ് സുദീപ് സോഷ്യൽ മീഡിയ വഴി നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. ഇതേതുടർന്ന് ഹൈക്കോടതി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് 2021ൽ സബ് ജഡ്ജി സ്ഥാനത്ത് നിന്ന് എസ് സുദീപിന് രാജി വെച്ചൊഴിയേണ്ടി വന്നത്.
കേന്ദ്രസർക്കാരിനെതിരെ ശബരിമല വിഷയത്തിൽ പ്രതികരിച്ച ഇദ്ദേഹത്തിനെതിരെ നിരവധി ഹർജികൾ ഹൈക്കോടതിയിലെത്തി. 2019 ഡിസംബറിലാണ് ആലപ്പുഴ എരമല്ലൂർ സ്വദേശിയായ എസ് സുദീപിനെതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണ സംഘം അച്ചടക്ക നടപടിക്ക് നിർദേശം നൽകി. സമൂഹമാദ്ധ്യമങ്ങളിൽ ന്യായാധിപന്മാർക്ക് യോജിക്കാത്ത രീതിയിലുള്ള അഭിപ്രായ പ്രകടനം നടത്തിയെന്ന് കണ്ടെത്തിയ ഹൈക്കോടതി പിരിച്ചുവിടൽ നോട്ടീസ് നൽകി. വിവാദപരമായ കാര്യങ്ങളിൽ പ്രതികരിക്കരുതെന്ന ചട്ടം എസ് സുദീപ് ലംഘിച്ചെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പിരിച്ചുവിടൽ നോട്ടീസ് നൽകിയത്.
പിരിച്ചു വിട്ട അന്ന് മുതൽ സമൂഹമാദ്ധ്യമത്തിൽ ഇടതുപക്ഷത്തിനെതിരെ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ സൈബർ ആക്രമണം നടത്തുകയാണ് ഇയാൾ. സൈബർ ഇടങ്ങളിൽ വ്യക്തിഹത്യ നടത്തുന്നതിന് സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഹൈക്കോടതിയുടെ വിധികളേയും എസ് സുദീപ് സമൂഹമാദ്ധ്യമങ്ങളിൽ വിമർശിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായിട്ടാണ് മാദ്ധ്യമപ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഇയാൾ പ്രചരിപ്പിച്ചത്.
2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 354 എ(1)(iv)(ലൈംഗിക നിറമുള്ള പരാമർശങ്ങൾ), ഐപിസി സെക്ഷൻ 67 (ഇലക്‌ട്രോണിക് രൂപത്തിൽ അശ്ലീലം പ്രസിദ്ധീകരിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ ഉള്ള ശിക്ഷ) എന്നിവ പ്രകാരം മുൻ ജഡ്ജിക്കെതിരെ മാദ്ധ്യമപ്രവർത്തക പരാതി നൽകിയിരുന്നു.