ലക്നൗ : അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ലക്ഷക്കണക്കിന് ആളുകളാണ് ഭഗവാന് വസ്ത്രം തയ്യാറാക്കാനായി മുന്നോട്ട് വരുന്നത്. ഇതിനായി ‘ദോ ധാഗെ ഫോർ ശ്രീരാമൻ’ എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതിന് കീഴിൽ 10 ലക്ഷം പേരാണ് ശ്രീരാമദേവന്റെ വസ്ത്രങ്ങൾ നെയ്യാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത് .
‘ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റും’ പൂനെയിലെ കൈത്തറി സംഘടനയായ ‘ഹെറിറ്റേജ് ഹാൻഡ്‌വീവിംഗ് റിവൈവൽ ചാരിറ്റബിൾ ട്രസ്റ്റും’ ചേർന്നാണ് ‘ദോ ധാഗെ ശ്രീരാം ലിയേ’ എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചത് . ശ്രീരാമന്റെ വസ്ത്രങ്ങൾ നെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ ഭക്തർക്കും അവസരം നൽകും. ഇതിനായി പൂനെയിൽ സ്ഥിതി ചെയ്യുന്ന ഈ കൈത്തറി ട്രസ്റ്റിന്റെ ഫാക്ടറിയിലേയ്‌ക്ക് വസ്ത്രങ്ങൾ നെയ്യാൻ ആളുകളെ ക്ഷണിച്ചിട്ടുണ്ട്. ക്യാമ്പയിൻ ഡിസംബർ 22 വരെ തുടരുകയും ചെയ്യും.
കേന്ദ്ര ശിശു-വനിതാ ക്ഷേമ-ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയാണ് പൂനെയിൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്. സ്മൃതി ഇറാനിയും ഭഗവാണ് വേണ്ടി വസ്ത്രങ്ങൾ നെയ്തു. ‘ ദശലക്ഷക്കണക്കിന് ആളുകൾ ഒത്തുചേർന്ന് നെയ്യുമ്പോൾ, ആ വസ്ത്രം ഐക്യത്തിന്റെ പ്രതീകമാകും. ഈ മുഴുവൻ പ്രചാരണത്തിനും പിന്നിലെ ലക്ഷ്യം ഹിന്ദുക്കൾ ഒന്നിക്കുക എന്നതാണ്.‘ – ഹാൻഡ്‌ലൂം ട്രസ്റ്റ് മേധാവി അനഘ ഗൈസാസ് പറഞ്ഞു.
സാരിയും പട്ടുനൂലുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവിടെ തയ്യാറാക്കുന്ന വസ്ത്രങ്ങളാകും രാം ലല്ല ധരിക്കുന്നത് .















