ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കം വൻ നാശനഷ്ടങ്ങളാണ് ചെന്നൈയിലെ പലയിടങ്ങളിലും വിതച്ചത്. നിരവധി ആളുകൾക്കാണ് കിടപ്പാടം നഷ്ടപ്പെട്ട് പെരുവഴിലായത്. കെടുതിയിൽ നിന്നും മെല്ലെ കര കയറുന്ന ദുരിതബാധിതർക്ക് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് നടൻ ശിവകാർത്തികേയൻ. തമിഴ്‌നാട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസമാണ് ശിവ കാർത്തികേയൻ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെ സന്ദർശിച്ച് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുച്ചേരാനും താരം സന്നദ്ധത പ്രകടിപ്പിച്ചു. സമൂഹ മാദ്ധ്യമായ എക്‌സിലൂടെ മന്ത്രി ഉദയനിധി സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാടിൽ നിരവധി ജീവനുകൾ പൊലിയുകയും ആന്ധ്രാപ്രദേശിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. വെള്ളം കയറിയത് ഇറങ്ങി തുടങ്ങിയതിനാൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനമായിട്ടുണ്ട്.















