തിരുവനന്തപുരം: ഗവർണർക്കെതിരായ എസ്എഫ്ഐ ഗുണ്ടകളുടെ അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുപ്രീംകോടതിയിൽ നിന്നും തിരിച്ചടിയേറ്റത് കൊണ്ടാണ് ഗവർണറെ ആക്രമിക്കുക എന്ന പ്രാകൃത അജണ്ടയിലേക്ക് സിപിഎം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.
എക്സ്കോർട്ട് വാഹനങ്ങൾ വേഗത കുറച്ച് ഗവർണറെ ആക്രമിക്കാൻ കൂട്ടുനിൽക്കുകയാണ്. പോലീസിന്റെ ഒത്താശയോടെയാണ് ഗവർണർക്കെതിരെ ആക്രമണം നടക്കുന്നത്. സമ്പൂർണമായ ക്രമസമാധാന തകർച്ചയാണ് കേരളത്തിൽ ഇപ്പോൾ കാണാൻ കഴിയുന്നത്. ഗവർണറെ ആക്രമിക്കുന്നത് ബിജെപി കണ്ടുനിൽക്കാനാവില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം പേട്ട പള്ളിമുക്കിലായിരുന്നു ഗവർണർക്കെതിരായി എസ്എഫ്ഐ പ്രകടനം നടത്തിയത്. ഇതോടെ, കാര്‍ നിര്‍ത്തി നടുറോഡിൽ ഇറങ്ങുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് മതിയായ സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. തന്നെ കായികമായി നേരിടാൻ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോടെയാണ് എസ്എഫ്ഐ ഗുണ്ടകൾ ഇറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്ഭവൻ മുതൽ എയർപോർട്ട് വരേയുള്ള യാത്രയ്ക്കിടെ മൂന്നിടത്താണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത്.