പാലക്കാട്: തൃത്താല മല റോഡിന് സമീപം വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. വെള്ള കാറിലെത്തിയ അജ്ഞാത സംഘം ഇന്ന് രാവിലെയാണ് വട്ടേനാട് എൽ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടിയുടെ കയ്യിൽ പിടിച്ച് വലിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകാനായിരുന്നു അജ്ഞാതരുടെ ശ്രമം. സംഭവത്തിൽ വെള്ള നിറത്തിലുള്ള കാർ കേന്ദ്രീകരിച്ച് തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.
ഈ റോഡിന് സമീപത്തുള്ള അജ്മീരിയ മദ്രസയിലേക്ക് രാവിലെ പോകും വഴിയാണ് കാർ നിർത്തുകയും മദ്രസയിൽ ആക്കിത്തരാമെന്ന് അജ്ഞാതർ പറയുകയും ചെയ്തത്. എന്നാൽ ഇത് നിരസിച്ചതോടെ വണ്ടിയിലുണ്ടായിരുന്ന സ്ത്രീ ബലമായി കുട്ടിയുടെ കയ്യിൽ പിടിച്ച് വലിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചു. എന്നാൽ കുട്ടി കുതറി മാറിയതോടെ അജ്ഞാതർ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പരാതി ലഭിച്ചതോടെ തൃത്താല പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. വെള്ള നിറത്തിലുള്ള കാർ പുലർച്ചെ മുതൽ സമീപത്ത് പാർക്ക് ചെയ്തിരുന്നതായി പ്രദേശവാസികൾ പോലീസിനോട് വ്യക്തമാക്കി. മറ്റ് സംശയങ്ങൾ ഒന്നും തോന്നാതിരുന്നതിനാൽ ഇക്കാര്യത്തിൽ ആരും കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്തിരുന്നില്ല. തുടർന്ന് വീട്ടിൽ എത്തിയ കുട്ടി മാതാപിതാക്കളോട് സംഭവം വിശദീകരിച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. വാഹനത്തിൽ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് ഉണ്ടായിരുന്നതെന്ന് കുട്ടി പറഞ്ഞു.















