ടെൽ അവീവ്: തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയാലുടനെ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. വടക്കൻ ഗാസയിലെ ഹമാസിന്റെ ജബലിയ, ഷെജയ്യ ബറ്റാലിയനുകൾ അതിന്റെ പൂർണ തകർച്ചയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ” യുദ്ധം അതിന്റെ ലക്ഷ്യങ്ങൾ നേടിയാൽ ഉടനെ അവസാനിക്കും. അത് വൈകാതെ സംഭവിക്കും.” ഗാലന്റ് പറയുന്നു.
” ഹമാസിന്റെ അവസാന ശക്തികേന്ദ്രങ്ങളായ ജബലിയയിലും ഷെജയ്യയിലും ഇസ്രായേൽ സൈന്യം വളഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് ഹമാസ് ഭീകരരാണ് ഇസ്രായേൽ സൈനികർക്ക് മുന്നിൽ കീഴടങ്ങിയത്. ഹമാസിന് എന്ത് സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നതിന് വ്യക്തമായ തെളിവാണ് ഇത്. അജയ്യരാണെന്നാണ് അവർ സ്വയം കരുതിയിരുന്നത്. ഞങ്ങളോട് വർഷങ്ങൾ നീളുന്ന യുദ്ധം നടത്തുമെന്ന് പ്രഖ്യാപിച്ച അവർ ഇന്ന് പൂർണമായും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
കീഴടങ്ങുന്നവരുടെ ജീവന് ഭീഷണി ഉണ്ടാകില്ലെന്നും ഞങ്ങൾ ഉറപ്പ് നൽകുകയാണ്. ഹമാസിലെ ഏതൊരു വ്യക്തിയുടേയും സ്ഥിതി ഇതു തന്നെ ആയിരിക്കും. അതിന് താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ആളായാലും, മുതിർന്ന കമാൻഡർ ആയാലും അവരെ കീഴടക്കുകയോ വധിക്കുകയോ ചെയ്യുമെന്നും ഗാലന്റ് പറയുന്നു. ഗാസ മുനമ്പിൽ നിന്ന് കഴിഞ്ഞ മാസം 500ഓളം ഹമാസ് ഭീകരരെ അറസ്റ്റ് ചെയ്തുവെന്നും ബന്ദികളായ എല്ലാവരേയും മോചിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും ശക്തമാക്കുമെന്നും” ഗാലന്റ് പറയുന്നു.