തിരുവനന്തപുരം: സപ്ലൈകോ വഴി വിൽക്കുന്ന സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാൻ സർക്കാർ. 25 ശതമാനം വരെ വിലയാകും വർദ്ധിപ്പിക്കുക. വില പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിൽ ഇക്കാര്യം ധാരണയായി. നിലവിൽ 13 ഉത്പന്നങ്ങൾക്കാണ് സബ്‌സിഡിയുള്ളത്.
വിലകൂട്ടാൻ കഴിഞ്ഞമാസം ഇടതുമുന്നണിയോഗം അനുമതി നൽകിയിരുന്നു. സബ്‌സിഡി ഉത്പന്നങ്ങളുടെ എണ്ണം 16 ആക്കാൻ സാധ്യത തേടണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും സമിതി അനുകൂല നിലപാടെടുത്തിട്ടില്ല. സപ്ലൈകോയുടെ നിലനിൽപ്പിന് സർക്കാർ കൂടുതൽ നിക്ഷേപം നടത്തി സൂപ്പർ ബസാറുകളുടെ ശൃംഖല സ്ഥാപിക്കണമെന്നാണ് സമിതി മുന്നോട്ട് വച്ച മറ്റൊരു ശുപാർശ. ആസൂത്രണ ബോർഡംഗം ഡോ. രവിരാമൻ അദ്ധ്യക്ഷനായ വിദഗ്ധസമിതി ഈ ആഴ്ച റിപ്പോർട്ട് സമർപ്പിക്കും.















