ദുബായ്: ക്രിക്കറ്റിൽ പുതിയ നിയമം നടപ്പാക്കാനൊരുങ്ങി ഐസിസി. ചൊവ്വാഴ്ച നടക്കുന്ന വെസ്റ്റ് ഇൻഡീസ് – ഇംഗ്ലണ്ട് ട്വന്റി20 മത്സരത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് ക്ലോക്ക് നിയമം നടപ്പിലാക്കുന്നത്. ബൗളിംഗ് ടീം രണ്ടോവറുകൾക്കിടയിൽ എടുക്കുന്ന പരമാവധി സമയം ഒരു മിനിട്ടായി ചുരുക്കുന്നതാണ് നിയമം.
ഒരു ഓവർ പൂർത്തിയായി ഒരുമിനിട്ടിനകം അടുത്ത ഓവറിലെ ആദ്യ പന്ത് എറിയാൻ ബൗളർ തയാറായിരിക്കണം. ഒരു ഇന്നിംഗിസിൽ മൂന്നുതവണ നിയമം ലംഘിച്ചാൽ ബാറ്റിംഗ് ടീമിന് അഞ്ച് റൺസ് ബോണസായി ലഭിക്കും. ആദ്യ രണ്ടുതവണ ബൗളിംഗ് ടീമിന് മുന്നറിയിപ്പ് നൽകിയ ശേഷമായിരിക്കും എതിർ ടീമിന് റൺസ് അനുവദിക്കുക.
എന്നാൽ നിയമം നടപ്പാക്കുന്നതിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്. ക്രിക്കറ്റ് മത്സരങ്ങളുടെ സമയദൈർഘ്യം പരമാവധി കുറച്ച് ജനപ്രിയമാക്കുന്നതിനാണ് നിയമം നടപ്പിലാക്കുന്നതെന്നാണ് വാദം. എന്നാൽ നിർണായക മത്സരങ്ങളിൽ ബൗളിംഗ് ടീം കൂടുതൽ ചർച്ചകൾക്ക് സമയം എടുക്കുന്നതിന് ഇത് വെല്ലുവിളിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഫീൾഡിംഗിലടക്കം ഇത് ടീമിന് വലിയ മാറ്റങ്ങൾ വരുത്തേണ്ടിവരുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷം മാത്രമേ നിയമം സ്ഥിരപ്പെടുത്തൂവെന്ന് ഐസിസി ജനറൽ മാനേജർ വസിം ഖാൻ പറഞ്ഞു.