വീട്ടിലെ ഒരു കുടുംബാംഗത്തെ പോലെ നാം കൊണ്ടു നടക്കുന്നവയാണ് വളർത്തു മൃഗങ്ങൾ. മിക്ക വീടുകളിലും പൂച്ചകളെയും നായകളെയുമൊക്കെ സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ് പരിപാലിക്കുന്നത്. ഇവയെ ഒപ്പം കിടത്തി ഉറങ്ങുന്നവർ വരെ നമുക്ക് ചുറ്റുമുണ്ടായിരിക്കാം. എന്നാൽ വളർത്തു മൃഗങ്ങളോട് ഇത്തരത്തിൽ അടുത്തിടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇവയുടെ ശരീരത്തിലെ ചെള്ളുകൾ.
മൃഗങ്ങളുടെ ശരീരത്തിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ചെള്ളുകൾ. ഇവയുടെ ശല്യം അസഹനീയമാവുമ്പോൾ മൃഗങ്ങൾക്ക് ചൊറിച്ചിലും അത് വഴി പല രോഗങ്ങളും ഉണ്ടാവുന്നു. ചെള്ള് ശല്യം രൂക്ഷമായാൽ മൃഗങ്ങളേതു പോലെ തന്നെ മനുഷ്യർക്കും അണുബാധ ഉണ്ടായേക്കാം. ഇനിയും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും. അറിയാം..
വളർത്തു മൃഗങ്ങളെ എപ്പോഴും വൃത്തിയായി പരിപാലിക്കാൻ ശ്രദ്ധിക്കുക. ചെള്ള് ശല്യം കുറയ്‌ക്കുന്നതിനായി വളർത്തു മൃഗങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ പ്രത്യേക പൗഡറുകൾ, ഷാംപൂ, സോപ്പ് തുടങ്ങിയവ വിപണിയിൽ ലഭ്യമാണ്. അതിനാൽ തന്നെ ഇവ ഉപോയഗിച്ച് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും വളർത്തു മൃഗങ്ങളെ കുളിപ്പിക്കാം. മൃഗങ്ങളുടെ ചെവികളിലും കഴുത്തിന്റെ ഭാഗത്തുമൊക്കെയായിരിക്കും ചെള്ളുകൾ കൂടുതൽ കാണപ്പെടുന്നത്. ഈ ഭാഗങ്ങൾ പ്രത്യേകം വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
നമ്മുടെ കുടുംബാഗത്തെ പോലെയാണ് വളർത്തു മൃഗങ്ങളെങ്കിലും അവയ്‌ക്കായി പ്രത്യേകം കിടക്കാൻ സ്ഥലങ്ങൾ ഒരുക്കുക. വീട്ടിലുള്ളവർക്കൊപ്പം മൃഗങ്ങൾ കിടക്കുമ്പോൾ ഇവയിൽ നിന്നും ചെള്ള് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ട്. ഇത് മറ്റു രോഗങ്ങളിലേക്കും നയിക്കും. കുട്ടികൾക്ക് പനി, ചുമ തുടങ്ങിയ രോഗങ്ങൾ പിടിപെടാനും സാധ്യതയുണ്ട്. നിങ്ങളുടെ വളർത്തു മൃഗങ്ങൾക്കായി ഒരു വെറ്റിനറി ഡോക്ടർ ഉണ്ടായിക്കണമെന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം. മൃഗങ്ങളിൽ ചെള്ള് ശല്യം കണ്ടാൽ ഉടൻ തന്നെ ഇവയെ വെറ്റിനറി ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് വേണ്ട പരിചരണ നൽകുക.