കോഴിക്കോട്: മെഡിക്കൽ വിദ്യാർത്ഥിനിക്ക് വാട്‌സ്ആപ്പിലൂടെ അപകീർത്തികരമായ സന്ദേശമയച്ചെന്ന പരാതിയിൽ അദ്ധ്യാപകന് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം പ്രൊഫസറെയാണ് അന്വേഷണ വിധേയമായി മെഡിക്കൽ ബോർഡ് സസ്‌പെൻഡ് ചെയ്തത്.
രണ്ടാം വർഷ വിദ്യാർത്ഥിനിയ്‌ക്ക് മാസങ്ങളായി അദ്ധ്യാപകൻ വാട്‌സ്ആപ്പിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചിരുന്നു. ഇതേത്തുടർന്ന് മാനസികാരോഗ്യം വഷളായതോടെ ഇക്കാര്യം യുവതിക്ക് പുറത്തുപറയാനുമായില്ല. വിദ്യാർത്ഥിനിയുടെ സുഹൃത്തുകൾ വഴി സംഭവം പുറത്തറിഞ്ഞതോടെയാണ് കോളേജ് യൂണിയൻ അദ്ധ്യാപകനെതിരെ പ്രിൻസിപ്പലിന് പരാതി നൽകിയത്.
പ്രാഥമികാന്വേഷണത്തിൽ അദ്ധ്യാപകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഡിഎംഇയ്‌ക്ക് കോളേജ് അധികൃതർ അന്വേഷണ റിപ്പോർട്ട് കൈമാറി. പിന്നാലെയാണ് അദ്ധ്യാപകനെ അന്വേഷണ വിധേയമായി മെഡിക്കൽ ബോർഡ് സസ്‌പെൻഡ് ചെയ്തത്.