ലക്നൗ : കാശി വിശ്വനാഥന്റെ മണ്ണിൽ നിന്ന് രാമനഗരിയിലേയ്‌ക്ക് അത്യാധുനിക സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് ട്രെയിൻ . ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) റാക്ക് തയ്യാറായി. ഇതുവഴി രണ്ട് സാംസ്കാരികവും മതപരവുമായ കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ . പുണ്യഭൂമിയിലൂടെയുള്ള വന്ദേഭാരതിന്റെ പ്രയാണത്തിന് ഉടൻ തുടക്കമാകും.
അയോദ്ധ്യയുടെ സമ്പന്നമായ ചരിത്ര പൈതൃകത്തിന്റെയും ശ്രീരാമന്റെ ജീവിതത്തിന്റെയും ചലിക്കുന്ന പ്രദർശനമായി ഈ വന്ദേഭാരത് മാറും. ട്രെയിനിലെ യാത്രക്കാർക്ക് ഈ പുരാതന നഗരങ്ങളുടെ സാംസ്കാരിക രേഖകൾ, അയോദ്ധ്യപോരാട്ടങ്ങളുടെ ചിത്രങ്ങൾ എന്നിവ ലഭിക്കും.
ഇതിന്റെ ഉദ്ഘാടനം ഡിസംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശി സന്ദർശന വേളയിൽ നിർവ്വഹിക്കുമെന്നാണ് സൂചന . കാശിക്കും അയോദ്ധ്യയ്‌ക്കും ഇടയിൽ വന്ദേ ഭാരത് ട്രെയിൻ ഓടിക്കാനുള്ള നിർദ്ദേശം റെയിൽവേ ബോർഡിന് സമർപ്പിച്ചതിന് പിന്നാലെ ആറ് മാസം മുമ്പ് ഈ പദ്ധതിക്ക് തറക്കല്ലിട്ടിരുന്നു .