സംവിധായകനും ചലചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം. ദേശീയ മാദ്ധ്യമത്തിന്
നൽകിയ അഭിമുഖത്തിൽ സിഗരറ്റ് പുകച്ച് തള്ളുന്ന രഞ്ജിത്തിന്റെ നടപടിക്കെിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. അഭിമുഖം നടത്തിയ ഇന്ത്യൻ എക്സ്‌പ്രസിലെ മാദ്ധ്യമപ്രവർത്തകരുടെ മുഖത്തേക്ക് മാത്രമല്ല, കണ്ടുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ മുഖത്തേക്കാണ് രഞ്ജിത് പുകച്ചുതള്ളിയത് എന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. പൊതുസ്ഥലത്ത് പുകവലി നിരോധിച്ച കേരളത്തിൽ, അഭിമുഖം ചെയ്യാനെത്തിയവരുടെ മുന്നിലിരുന്ന് പരസ്യമായി പുകവലിച്ച രഞ്ജിത്തിന്റെ നടപടിയെ തികച്ചും അനുചിതമെന്നാണ് വിലയിരുത്തുന്നത്.
പുകവലി പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പൊതു അഭിമുഖത്തിൽ, പുകവലിച്ചുതള്ളിയത് തീർത്തും തെറ്റാണെന്നും സമൂഹത്തോടുള്ള അനീതിയുമാണെന്ന് സംവിധായകനും എഴുത്തുകാരനും മോട്ടിവേഷനൽ സ്പീക്കറുമായ എം ബി പത്മപത്മകുമാർ പറഞ്ഞു. മുന്നിലിരിക്കുന്ന സ്ത്രീകളടക്കമുള്ളവരിലേക്കാണ് രഞ്ജിത് പുകവലിച്ച് തള്ളിയത്. ആ പുകയാണ് തന്റെ ശക്തിയെന്നും അനുഭവ സമ്പത്തെന്നനും പറയുന്നതിന് തുല്യമാണത്. രഞ്ജിത് പരസ്യമായി മാപ്പു പറയണമെന്നും അല്ലെങ്കിൽ സമൂഹം അയാൾക്കെതിരെ ആഞ്ഞടിക്കുമെന്നും പത്മകുമാർ മുന്നറിയിപ്പ് നൽകുന്നു.
രഞ്ജിത്തിന്റെ അഭിമുഖം വ്യക്തിഹത്യയും പുച്ഛവും അഹങ്കാരവും നിറഞ്ഞതാണെന്നും വിമർശനമുയർന്നിരുന്നു. സംവിധായകൻ ഡോ. ബിജുവിനെതിരെ മാടമ്പി ഭാഷയാണ് രഞ്ജിത് ഉപയോഗിക്കുന്നത്. ഇതിനെതിരെ ഡോ ബിജു നടത്തിയ പരസ്യപ്രതികണം വൈറലായിരുന്നു. താങ്കളുടെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യിൽ വച്ചാൽ മതി, എന്റടുത്തേക്ക് വേണ്ട എന്നായിരുന്നു ബിജുവിന്റെ പ്രതികരണം. നടൻ ഭീമൻ രഘുവിനെ കോമാളിയും മണ്ടനുമാണെന്ന് രഞ്ജിത്ത് അഭിമുഖത്തിൽ വിശേഷിപ്പിച്ചത്. ഒപ്പം പത്മരാജന്റെ തൂവാനത്തുമ്പികളിലെ മോഹൻലാലിന്റെ തൃശൂർ ഭാഷ ബോറെന്നും രഞ്ജിത് പറഞ്ഞിരുന്നു.