കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഷബ്‌ന എന്ന യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവിന്റെ ബന്ധുക്കളെയും പ്രതി ചേർത്ത് അന്വേഷണ സംഘം. യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇവർക്കെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ പ്രതികൾ നിലവിൽ ഒളിവിലാണെന്നും വൈകാതെ തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കളെ പ്രതി ചേർക്കുന്നതിൽ നിർണായക മൊഴി നൽകിയത് ഇവരുടെ മകളാണ്. ഷബ്‌നയുടെ ബന്ധുക്കളുടെ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെക്കൂടി പ്രതി ചേർത്ത് ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയത്.
കേസിൽ പുരോഗതി ഒന്നും തന്നെയില്ലെന്നും പ്രതികളെ സംരക്ഷിക്കുകയാണെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ദൃക്‌സാക്ഷിയായ മകൾ മൊഴി നൽകിയിട്ടും ബന്ധുക്കളെ ചോദ്യം ചെയ്തില്ലെന്ന് ഷബ്‌നയുടെ കുടുംബം വിമർശിച്ചിരുന്നു. നിലവിൽ ഷബ്‌നയുടെ ഭർത്താവിന്റെ അമ്മാവൻ ഹനീഫ റിമാൻഡിലാണ്.