ഡൽഹി: ജമ്മു കശ്മീർ നരകത്തിലേയ്‌ക്കാണ് പോകുന്നതെന്ന് നാഷണൽ കോൺഫറൻസ് മേധാവിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. കശ്മീരികളോട് കേന്ദ്ര സർക്കാർ ബഹുമാനം കാണിക്കണമെന്നും തന്റെ പാർട്ടി മറ്റൊരു രാജ്യത്തിന്റെ പങ്കാളിയാകില്ലെന്നും നാഷണൽ കോൺഫറൻസ് നേതാവ് പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ സുപ്രീം കോടതി എടുത്ത തീരുമാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുള്ള.
‘നിങ്ങൾ കശ്മീരിനെ നരകത്തിലേക്കാണ് കൊണ്ടുപോകുന്നത്. സ്വർഗത്തിന് വേണ്ടി എന്താണ് ചെയ്യുന്നത്? എല്ലായിടത്തും തിരഞ്ഞെടുപ്പ് നടക്കുന്നു. എന്തുകൊണ്ട് കശ്മീരിൽ നടക്കുന്നില്ല! എന്താണ് ഞങ്ങൾ ചെയ്ത തെറ്റ്. മറ്റ് ഏത് സംസ്ഥാനമാണ് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയത്? കേന്ദ്ര സർക്കാർ കശ്മീരിനെ നരകമാക്കിയില്ലേ. തീവ്രവാദം തുടച്ചുനീക്കപ്പെട്ടുവെന്ന് കേന്ദ്രം പറയുന്നു, പക്ഷേ അങ്ങനെയാണോ? കേന്ദ്ര സർക്കാർ കശ്മീരികളുടെ ഹൃദയത്തിൽ ഇല്ല’.
‘ഞങ്ങൾ മറ്റൊരു രാജ്യത്തോടൊപ്പം നിൽക്കില്ല. ഞങ്ങളെ വിശ്വസിക്കുക, ബഹുമാനിക്കുക. ഞങ്ങളുടെ ഹൃദയം കീഴടക്കാൻ ശ്രമിക്കുക. അതുകൊണ്ടാണ് ഞാൻ ഈ വാക്കുകൾ ഉപയോഗിച്ചത്. ഞാൻ വീണ്ടും പറയുകയാണ്. നരകത്തിൽ നിന്ന് സ്വർഗം ഉണ്ടാക്കണമെങ്കിൽ, കേന്ദ്ര സർക്കാർ കശ്മീരിലെ ജനങ്ങളെ മനസിലാക്കണം’- ഫാറൂഖ് അബ്ദുള്ള പറഞ്ഞു.















