തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ കമ്മീഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ഒക്ടോബര്‍ മാസത്തെ കമ്മീഷനാണ് നാളെ മുതല്‍ വിതരണം ചെയ്യുന്നത്. കരാറുകാര്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളില്‍ ചര്‍ച്ച നടത്തുന്നതിന് സപ്ലൈക്കോ സിഎംഡി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കരാറുകാർക്ക് വാതില്‍പ്പടി വിതരണം നടത്തിയതില്‍ കുടിശ്ശികയുള്ള തുക രണ്ട് ദിവസത്തിനകം വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. 100 കോടി രൂപയാണ് കുടിശ്ശികയായി സപ്ലൈക്കോ വിതരണക്കാർക്ക് നൽകാനുള്ളത്. കുടിശ്ശിക ലഭിക്കാതായതോടെ ദുരിതത്തിലായ റേഷൻ കരാറുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. വാഹന കരാറുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സാധനങ്ങൾ എത്തിച്ചു നൽകിയതിൽ കിട്ടേണ്ട തുകയുടെ 90 ശതമാനവും സെപ്റ്റംബർ മാസം മുതൽ മുടങ്ങി കിടക്കുകയാണ്. തുക ഉടൻ അനുവദിക്കുക, ഓരോ മാസത്തെയും റേഷൻ ട്രാൻസ്‌പോർട്ട് ബില്ല് നൽകിയാൻ തുക ഉടൻ നൽകുക, ചുമട്ടുതൊഴിലാളി ക്ഷേമവിഹിതം സപ്ലൈക്കോ നേരിട്ട് ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽ അടയ്‌ക്കണം, കാലങ്ങളായി സപ്ലൈക്കോ പിടിച്ചുവച്ചിരിക്കുന്ന 10 ശതമാനം തുക ഓഡിറ്റ് പൂർത്തിയാക്കി എത്രയും പെട്ടന്ന് കരാറുകാർക്ക് നൽകണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കരാറുകാർ പ്രതിഷേധിച്ചത്.















