തിരുവനന്തപുരം: ചികിത്സിക്കാതെ വീടിനുള്ളിൽ പൂട്ടിയിട്ടിരുന്ന വൃദ്ധയെ പുഴുവരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകുമാർ (43)ആണ് അറസ്റ്റിലായത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം.
അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ശ്രീകുമാർ പതിവായി മദ്യപിച്ചിരുന്നു. ഇതാണ് മാതാവ് ശ്യാമള(76)യുടെ മരണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. അടച്ചിട്ടിരുന്ന മുറിക്കുള്ളിലാണ് വൃദ്ധ കഴിഞ്ഞിരുന്നത്. വെള്ളമോ ഭക്ഷണമോ ശ്രീകുമാർ നൽകിയിരുന്നില്ല. ശ്രീകുമാർ മദ്യപാനിയായതിനാൽ നാട്ടുകാരും ഇവരുമായി സഹകരിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം മുറിക്കുള്ളിൽ നിന്നും ദുർഗന്ധം വന്നതോടെയാണ് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. മുറിക്കുള്ളിൽ പുഴുവരിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡിൽ വിട്ടു.















