കോഴിക്കോട്: കട തുടങ്ങാനുള്ള ലൈസൻസ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ കേസിൽ ഹെൽത്ത് ഇൻസ്പെക്ടറെ കുടുക്കി വിജിലൻസ്. കോഴിക്കോട് കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാജിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശി നൽകിയ പരാതിയിലാണ് ഇയാളെ പിടികൂടിയത്.
പലവ്യഞ്ജന കട തുടങ്ങുന്നതിനായുള്ള ലൈസൻസിന് അപേക്ഷിച്ചപ്പോഴാണ് ഷാജി മലപ്പുറം സ്വദേശിയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടത്. ലൈസൻസ് പെട്ടെന്ന് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ആദ്യം 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇത്രയും പണമില്ലെന്ന് പരാതിക്കാരൻ പറഞ്ഞപ്പോൾ അത് 2,500 -യായി കുറച്ചു. പിന്നെ അത് 1,500-യായും കുറഞ്ഞു. തുടർന്നാണ് പരാതിയുമായി മലപ്പുറം സ്വദേശി വിജിലൻസിനെ സമീപിച്ചത്.
വിവരം കോഴിക്കോട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചതോടെയാണ് വിജിലൻസ് സംഘം കെണിയൊരുക്കിയത്. പരാതിക്കാരനിൽ നിന്നും 1,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഷാജിയെ വിജിലൻസ് പിടികൂടുകയായിരുന്നു.