കോട്ടയം: വിവാദങ്ങൾ ഒഴിയാതെ മുഖ്യമന്ത്രിയുടെ നവകേരള സദസ്. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നവകേരള സദസ് നടക്കുന്ന അന്ന് വേദിയ്‌ക്ക് സമീപപ്രദേശങ്ങളിലുള്ള കടകൾ തുറക്കരുതെന്ന നോട്ടീസ് പോലീസ് പിൻവലിച്ചു. വിചിത്ര ഉത്തരവ് വിവാദമായതോടെയാണ് പോലീസ് നോട്ടീസ് പിൻവലിച്ചത്. പുതിയ സർക്കുലർ പ്രകാരം അന്നേ ദിവസം കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ പ്രശ്‌നമില്ല. നഗരത്തിൽ നവകേരള സദസിനോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അത് ഒഴിവാക്കാനായി കടകൾ തുറക്കരുതെന്നുമാണ് പോലീസ് ഉത്തരവിട്ടത്.
നാളെ രാവിലെ 6 മുതൽ പരിപാടി തീരും വരെ വേദിയ്‌ക്ക് സമീപത്തുള്ള കടകൾ അടച്ചിടാനായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. കോവിൽ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കാണ് ഇത്തരത്തിൽ നോട്ടീസ് നൽകിയത്. കടകൾ അടച്ചില്ലെങ്കിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കടയുടമകൾ ഉത്തരവാദികളായിരിക്കുമെന്ന് നോട്ടീസിൽ പോലീസ് പറഞ്ഞിരുന്നു. ഇത് വാർത്തയായതോടെയാണ് പോലീസ് ഈ ഉത്തരവ് പിൻവലിച്ചത്.















