ലക്‌നൗ: ഭാരതത്തിലെ എല്ലാ പൗരന്മാരിലും വികസനമെത്തുമെന്നത് ഒരു മുദ്രാവാക്യമല്ലെന്നും അതൊരു പ്രതിജ്ഞയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസിത് ഭാരത് സങ്കൽപ് യാത്രയിലൂടെ ഓരോ പൗരന്മാരുടെ ജീവിതത്തിലും സമൃദ്ധിയും സന്തോഷവും നിറയ്‌ക്കുമെന്ന പ്രതിജ്ഞയാണ് കേന്ദ്ര സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി 4 ലക്ഷത്തിലധികം ജനങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
” വീട്, ശൗചാലയം, സൗജന്യ റേഷൻ, കിസാൻ സമ്മാൻ നിധി, ആയുഷ്മാൻ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗ്രാമത്തിലെ ഏതെങ്കിലും വ്യക്തിക്ക് ലഭിക്കുന്നില്ലെങ്കിൽ ഉടനടി ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. സബ്കാ സാത്ത്- സബ്കാ വികാസ് എന്നത് കേവലം ഒരു മുദ്രാവാക്യമല്ല മറിച്ച് അതൊരു പ്രതിജ്ഞയാണ് ” – യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്ത് നൽകുന്ന ആനുകൂല്യങ്ങൾ എല്ലാവരിലും ഒരുപോലെ വിവേചനങ്ങളില്ലാതെ എത്തിക്കുമെന്നും ഇതുവരെ 490 ഗ്രാമങ്ങളിലും 18 നഗരങ്ങളിലും വികസിത് ഭാരത് സങ്കൽപ് യാത്ര നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. പൊതുജനങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതുകൊണ്ടു മാത്രം ആനുകൂല്യങ്ങൾ എല്ലാവരിലുമെത്തണമെന്നില്ല.
എത്ര ശ്രമിച്ചിട്ടും ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്ത വലിയൊരു വിഭാഗം ജനത ഇവിടെയുണ്ട്. ഇത്തരം ആളുകൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഗോത്രവർഗ ദിനത്തിൽ ബിർസ മുണ്ടയുടെ ജന്മസ്ഥലത്ത് നിന്നും പ്രധാനമന്ത്രി വികസിത് ഭാരത് സങ്കൽപ് യാത്ര ആരംഭിച്ചതെന്നും ആദിത്യനാഥ് വ്യക്തമാക്കി. സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാത്ത അർഹരായ വ്യക്തികൾക്ക് ആനുകൂല്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















