ചരക്ക് വാഹന നിര വിപുലപ്പെടുത്തി മുൻനിര വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഇൻട്രി വി70, വി20 ഗോൾഡ് പിക്ക്അപ്പുകളും എയ്‌സ് എച്ച്ടിപ്ലസും വിപണിയിൽ അവതരിപ്പിച്ചു. ഇൻട്രി വി50, എയ്‌സ് ഡീസൽ എന്നീ മോഡലുകളുടെ പരിഷ്‌കരിച്ച പതിപ്പും പുറത്തിറക്കി. കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കിയാണ് പുതിയ മോഡലുകൾ പുറത്തിറക്കിയിട്ടുള്ളത്.
ഇന്ത്യയിലെ ആദ്യ ബൈ-ഫ്യുവൽ പിക്ക്അപ്പ് ആണ് ഇൻട്രാ വി20. ഒരേ സമയം രണ്ട് തരത്തിലുള്ള ഇന്ധനം നിറയ്‌ക്കാൻ കഴിയുന്ന എഞ്ചിനാണ് കമ്പനി ഈ വമ്പന് നൽകിയിരിക്കുന്നത്. രണ്ട് ഇന്ധനങ്ങൾക്കും വെവ്വേറെ ഇന്ധന ടാങ്കുകൾ, ഫ്യൂവൽ ഇഞ്ചക്ഷൻ സംവിധാനങ്ങൾ, ഇന്ധന ലൈനുകൾ എന്നിവ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഓൾ ടെറൈൻ കപ്പാസിറ്റിയും സിഎൻജിയുടെ കരുത്തുമാണ് ഇൻട്രാ വി20 ഉറപ്പാക്കുന്നത്. 1200 കിലോഗ്രാമിന്റെ പേലോഡ് കപ്പാസിറ്റിയാണ് ഈ വാഹനത്തിൽ അധികമായി നൽകിയിട്ടുള്ളത്. 800 കിലോമീറ്റർ റേഞ്ചാണ് ഉറപ്പാക്കുന്നത്. പരിസ്ഥിതി സൗഹാർദമായ ചരക്ക് ഗതാഗതം ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക നേട്ടവുമാണ് ഇൻട്രി വി20 ഉറപ്പാക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
രാജ്യത്തേറെ ജനപ്രീതിയുള്ള വാണിജ്യ വാഹനമാണ് എയ്സ് എച്ച്ടി പ്ലസ്. 20 ലക്ഷത്തിലേറെ യൂണിറ്റുകളാണ് ഇതുവരെ രാജ്യത്തുടനീളം അവതരിപ്പിച്ചത്. ലോഡ് ബോഡിയുടെ വലിപ്പം ഉയർത്തി 900 കിലോഗ്രാമിന്റെ അധിക ലോഡ് കപ്പാസിറ്റിയുമായാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്.















