ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീർ സമാധാനവും ശാന്തിയും പുനസ്ഥാപിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം മാത്രം 200 ലധികം ചിത്രങ്ങളാണ് കശ്മീരിൽ ഷൂട്ട് ചെയ്തത്. ഇതിൽ പ്രാദേശിക ഭാഷചിത്രങ്ങളും ബോളിവുഡ് ഹോളിവുഡ് ചിത്രങ്ങളും ഉൾപ്പെടും. ഭീകരവാദവും അടിക്കടിയുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളും കാരണം കശ്മീരിൽ താരങ്ങളെ കൊണ്ടുവന്ന് ഷൂട്ടിംഗ് പൂർത്തിയാക്കുക മുൻപ് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ഇന്ന് ജമ്മുകശ്മീർ ഭരണകൂടത്തിന്റെ ചലച്ചിത്ര നയവും ഏകജാലക അനുമതികളും ഈ മേഖലയിലെ പുനരുജ്ജീവനത്തിന് കൂടുതൽ ഊർജ്ജിതമാക്കി.
ജമ്മുകശ്മീരിലെ ഷൂട്ടിംഗ് അനുഭവങ്ങളും മികച്ച നിമിഷങ്ങളും പങ്കുവെച്ച് കൊണ്ട് ബോളിവുഡ് നടൻ ജോൺ ഏബ്രഹാം പോസ്റ്റ് ചെയ്ത വീഡിയോ കുറഞ്ഞ സമയം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. ജമ്മു കശ്മീർ ടൂറിസം വകുപ്പിന്റെ സോഷ്യൽ മീഡിയ പേജിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
“കശ്മീർ വളരെ മനോഹരമായ സ്ഥലമാണ്. ഞങ്ങൾ അനന്ത്നാഗിൽ ഷൂട്ടിംഗ് നടത്തുകയാണ്. ഇത് തികച്ചും അതിശയിപ്പിക്കുന്ന സ്ഥലമാണ്. ഞങ്ങൾക്ക് 240 ഷോട്ടുകൾ ഇവിടെ നിന്ന് ലഭിച്ചു. അനന്ത്നാഗിന്റെ പ്രാന്തപ്രദേശത്താണ് ഞങ്ങൾ ഉള്ളത്. ഷൂട്ടിംഗിന് മാത്രമല്ല, ഒരു അവധിക്കാലം ചെലവഴിക്കാനും കാശ്മീരിലെത്തണമെന്നാണ് ആഗ്രഹം. ഈ സ്ഥലം എത്ര മനോഹരമാണെന്ന് കാണാൻ കൂടുതൽ ആളുകൾ ഇങ്ങോട്ട് വരണം. ഞങ്ങൾക്ക് ഇവിടെ മികച്ച സ്വീകരണമാണ് ലഭിച്ചത്. ദയവായി എല്ലാവരും കശ്മീരിലേക്ക് വരൂ, ഇത് അതിശയകരമാണ്”, നടൻ വാചാലനായി.
കശ്മീരിന്റെ പ്രകൃതിഭംഗി നിലനിർത്തേണ്ട കാര്യവും അദ്ദേഹം വീഡിയയിൽ ഓർമ്മിപ്പിക്കുന്നുണ്ട്. “നിങ്ങൾ ഇവിടെ വരുമ്പോൾ, സ്ഥലം വൃത്തിഹീനമാക്കുകയോ പ്ലാസ്റ്റിക്ക് വലിച്ചെറിയുകയോ ചെയ്യരുത്, കാരണം ഇത് വളരെ മനോഹരമായ സ്ഥലമാണ്, വൃത്തിയായി സൂക്ഷിക്കണമെന്നും” ജോൺ ഏബ്രഹാം പറഞ്ഞു. കശ്മീരി ജനതയുടെ ഊഷ്മളതയെയും ആതിഥ്യമര്യാദയെയും അദ്ദേഹം പ്രശംസിക്കുകയും അവരുമായി സിനിമയിൽ സഹകരിക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്.
നിഖിൽ അദ്വാനി സംവിധാനം ‘വേദ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ജോൺ എബ്രഹാനും സംഘവും കശ്മീരിലെത്തിയത്. സിനിമകളിൽ വേണ്ടവിധം ഉപയോഗിക്കാത്തതിനാൽ ഇപ്പോഴും കശ്മീരിന്റെ യഥാർത്ഥഭംഗി പുറലോകം അറിഞ്ഞു വരുന്നതേയുള്ളൂവെന്നതാണ് യാഥാർത്ഥ്യം.