താരങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടിനെതിരെ പ്രതികരിച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയസംവിധായകൻ ലോകേഷ് കനകരാജ്.
ചിലർ സാമൂഹ്യമാദ്ധ്യമങ്ങളിൽ തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും അവ പിന്തുടരരുതെന്നും അഭ്യർത്ഥിക്കുകയാണ് ലോകേഷ്. സമൂഹമാദ്ധ്യമങ്ങളായ എക്സിലും ഇന്റഗ്രാമിലും മാത്രമാണ് താനുള്ളത്. മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളൊന്നും ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളൊന്നും പിന്തുടരരുതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
അതേസമയം സംവിധാനത്തിന് പുറമെ അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ലോകേഷ് ഇപ്പോൾ സിനിമാ നിർമ്മാണത്തിലേയ്‌ക്കും കടന്നിരിക്കുകയാണ്. ജി സ്‌ക്വാഡ് പ്രൊഡക്ഷൻ എന്നാണ് ലോകേഷിന്റെ നിർമ്മാണ കമ്പനിയുടെ പേര്. തന്റെ അടുത്ത സുഹൃത്തുക്കളുടെയും സഹായികളുടെയും കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ജി സ്‌ക്വാഡ് ആരംഭിച്ചത്.