എറണാകുളം: ശബരിമല തീർത്ഥാടനത്തിനോടനുബന്ധിച്ച് സ്‌പെഷ്യൽ സർവ്വീസ് നടത്താനൊരുങ്ങി വന്ദേഭാരത് എക്‌സ്പ്രസ്. ചെന്നൈ – കോട്ടയം – ചെന്നൈ റൂട്ടിലാണ് വന്ദേഭാരത് സ്‌പെഷ്യൽ സർവ്വീസ് നടത്തുക. വെള്ളി, ഞായർ ദിവസങ്ങളിൽ സ്‌പെഷ്യൽ സർവ്വീസ് നടത്തുന്ന കാര്യം ദക്ഷിണ റെയിൽവേയാണ് അറിയിച്ചത്. ഡിസംബർ 15 മുതൽ 24 വരെ നാല് സർവ്വീസുകളാണ് നടത്തുക. തമിഴ്‌നാട്ടിൽ നിന്ന് ദർശനത്തിനായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്.
ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്നും വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ 8.30ന് പുറപ്പെടുന്ന ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് രാത്രി ഏഴ് മണിക്കാണ് കോട്ടയത്ത് എത്തുക. . തിരിച്ച് കോട്ടയത്ത് നിന്നും രാത്രി 9 ന് പുറപ്പെടുന്ന വന്ദേഭാരത് സ്‌പെഷ്യൽ അടുത്ത ദിവസം രാവിലെ 9 മണിക്ക് ചെന്നൈ സ്റ്റേഷനിൽ എത്തിച്ചേരും. കേരളത്തിൽ പാലക്കാട് തൃശൂർ, എറണാകുളം എന്നിവിടങ്ങളിലാണ് സ്‌പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുള്ളത്. പോത്തന്നൂർ, ഈറോഡ്, സേലം, ജോളാർപേട്ടൈ, കാട്പാടി എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഇത് കൂടാതെ ക്രിസ്മസ് അവധി പ്രമാണിച്ച് ചെന്നൈ-കോയമ്പത്തൂർ-ചെന്നൈ റൂട്ടിൽ മറ്റൊരു വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ കൂടി സർവീസ് നടത്തും. 2024 ജനുവരി 30 വരെ ചൊവ്വാഴ്ചകളിലാണ് സർവ്വീസ് ഉണ്ടായിരിക്കുക.