ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്’ അഥവാ എൽസിയു എന്ന് കേൾക്കുമ്പോൾ തെന്നിന്ത്യൻ ആരാധകർക്ക് വല്ലാത്തൊരു ആവേശമാണ്. കൈതി, വിക്രം, ലിയോ എന്നീ സിനിമകളാണ് അതിന് കാരണം. എൽസിയുവിൽ ഇനി വരാനിരിക്കുന്ന ചിത്രം കാർത്തി നായകനാകുന്ന കൈതി 2 ആണ്. എന്നാൽ സ്റ്റൈൽ മന്നൻ രജനികാന്തിനെ നായകനാക്കി എത്തുന്ന ഫാൻ ബോയ് ചിത്രത്തിന് ശേഷമായിരിക്കും കൈതി 2 ന്റെ പണിപ്പുരയിലേയ്‌ക്ക് ലോകേഷ് കടക്കുക.
Narain & Lokesh to do a short film together (10 mins duration) – based on #LCU begining 💥💥💥pic.twitter.com/2Rjrq4eBUt
— Southwood (@Southwoodoffl) December 13, 2023
കൈതിയ്‌ക്ക് ശേഷം എത്തിയ വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് എൽസിയു കണക്ഷൻ ലോകേഷ് കൊണ്ടുവന്നിരുന്നു. അതുകൊണ്ടു തന്നെ കൈതി 2വിന് ആരാധകർക്കിടയിൽ ആവേശം കുറച്ചു കൂടുതലാണ്. ഇപ്പോഴിതാ ഈ നിരയിലേക്ക് മറ്റൊരു സർപ്രൈസ് ഐറ്റം കൂടി ആരാധകർക്കായി ലോകേഷ് ഒരുക്കിവെച്ചിരിക്കുന്നു എന്ന സൂചനയാണ് പുറത്തു വരുന്നത്. ഈ സൂചന നൽകിയിരിക്കുന്നത് കൈതിയിലും വിക്രത്തിലും ബിജോയ് എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച നടൻ നരേൻ ആണ്. തന്റെ പുതിയ ചിത്രമായ ക്വീൻ എലിസബത്തിന്റെ പ്രമോഷൻ വേദിയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
കൈതി 2 -വുമായി ബന്ധപ്പെട്ട് ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തീർച്ചയായും കൈതി 2 വരും. ഇതിന് പുറമെ ലോകേഷ് കനകരാജും താനും ചേർന്ന് പത്ത് മിനിട്ടുള്ള ഒരു ഹ്രസ്വചിത്രം ചെയ്തിട്ടുണ്ടെന്നും ഇതിന് എൽ.സി.യുവുമായി ബന്ധമുണ്ടെന്നുമാണ് നരേൻ പറഞ്ഞത്. ഈ ഷോർട്ട് ഫിലിമാണ് എൽസിയുവിന്റെ തുടക്കം. അധികം താമസിക്കാതെ ആ ഷോർട്ട് ഫിലിം പുറത്ത് വരുമെന്നായിരുന്നു നരേന്റെ വാക്കുകൾ.















