പാകിസ്താൻ സൂപ്പർ ലീഗിൽ പെഷാവർ സാൽവി ടീമിന്റെ നായക പദവി ഒഴിയാൻ ബാബർ അസമിന് നിർദ്ദേശം നൽകി വസീം അക്രം. ലോകകപ്പിലെ പാക് ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ബാബർ നായക സ്ഥാനം ഒഴിഞ്ഞിരുന്നു. അതുപോലെ പിസിഎല്ലിലും നായകസ്ഥാനം ഒഴിഞ്ഞ് ബാറ്റിംഗിലും മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിനോട് വസീം അക്രം ആവശ്യപ്പെട്ടിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പേ ബാബറിന് ഞാൻ ലീഗ് ക്രിക്കറ്റിൽ മുൻടീമുകളുടെ നായകനാകരുതെന്ന് ഉപദേശം നൽകിയിരുന്നു. പക്ഷേ അത് ബാബർ ഗൗനിച്ചില്ല. നിങ്ങൾ ലോകത്തിലെ മികച്ച കളിക്കാരിലൊരാളാണ്. ടീമിന്റെ പ്രകടനത്തിന് പുറമെ വ്യക്തിഗത പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. റൺസ് നേടുക, നിങ്ങളുടെ പ്രതിഫലം വാങ്ങുക, വീട്ടിലേക്ക് പോകുക. തുടർന്ന് അടുത്ത മത്സരത്തിന് തയ്യാറെടുക്കുക. ദേശീയ ടീമിന്റെ ക്യാപ്റ്റനാവുന്നത് നല്ലതാണ്, പക്ഷേ ലീഗ് ടൂർണമെന്റുകളിൽ ക്യാപ്റ്റനാകുന്നത് അനാവശ്യ സമ്മർദ്ദം നൽകും. -വസീം അക്രം പറഞ്ഞു.പിസിഎൽ ടീമായ കറാച്ചി കിംഗ്‌സിൽ ബാബർ അസമും വസീം അക്രവും ഒരുമിച്ച് ഉണ്ടായിരുന്നു. പിന്നാലെയാണ് ബാബർ പെഷവാർ സാൽവി ടീമിലെത്തിയത്.
ഏകദിന ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് എല്ലാ ഫോർമാറ്റുകളിൽ നിന്നും ബാബർ നായകസ്ഥാനം ഒഴിഞ്ഞത്. ലോകകപ്പിൽ സെമിഫൈനലിന് യോഗ്യത നേടാതെ അഞ്ചാമതായാണ് പാക് ടീം ഫിനിഷ് ചെയ്തത്. നിലവിൽ ടെസ്റ്റ് മത്സരങ്ങൾക്കായി ഓസ്‌ട്രേലിയയിലാണ് പാക് ടീം.
–















