ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം അധികാരം നിലനിർത്തുമെന്ന് എക്നോമിക്സ് ടൈംസ് സർവേ. എൻഡിഎ 319 മുതൽ 339 സീറ്റുകൾ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബിജെപി ഒറ്റയ്‌ക്ക് 308 – 328 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. അതേസമയം, ഇൻഡി മുന്നണി 163 സീറ്റുകൾ നേടുമെന്നാണ് സർവേ പ്രവചനം. കോൺഗ്രസ് ഒറ്റയ്‌ക്ക് 52 മുതൽ 72 സീറ്റുകൾ സ്വന്തമാക്കി വലിയ തിരച്ചടി ഏറ്റു വാങ്ങുമെന്നാണ് സൂചന. സംസ്ഥാനങ്ങൾ തിരിച്ചാണ് സർവേ സംഘടിപ്പിച്ചത്. ഒരോ സംസ്ഥാനത്തെയും സീറ്റുനില വിലയിരുത്തിയാണ് സർവേ നടത്തിയിരിക്കുന്നത്.
ആന്ധ്രാപ്രദേശിൽ വെെഎസ്ആർ കോൺഗ്രസിനാണ് സർവേ മുൻതൂക്കം നൽകുന്നത്. വെെഎസ്ആർ കോൺഗ്രസ് 24 മുതൽ 25 സീറ്റുകൾ നേടുമെന്നാണ് സർവേ പ്രവചനം. കർണാടകയിൽ ബിജെപി തരംഗമാണ് സർവേ പ്രവചിക്കുന്നത്. 20 മുതൽ 22 സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം കൂടിയായിട്ടും 6 മുതൽ 8 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാൻ സാധിക്കു എന്നാണ് സർവേ പറയുന്നത്.
കേരളത്തിലും തമിഴ്നാട്ടിലും ബിജെപി സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. കേരളത്തിൽ ഇൻഡി മുന്നണി 18 മുതൽ 20 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. തെലങ്കാനയിൽ എൻഡിഎ 3 മുതൽ 5 വരെയും ബിആർഎസ് 3 മുതൽ 5, ഇൻഡി 8 മുതൽ 10 വരെയും സീറ്റുകളും നേടുമെന്ന് സർവ്വേ പറയുന്നു.
മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എൻഡിഎ മിന്നും പ്രകടനം കാഴ്ചവെക്കും. മഹാരാഷ്‌ട്രയിൽ എൻഡിഎ 27 മുതൽ 31 സീറ്റുകളും, മദ്ധ്യപ്രദേശിൽ 27 മുതൽ 29 സീറ്റുകൾ നേടുമെന്നാണ് സർവേ പറയുന്നത്. അതേസമയം ഇൻഡി മുന്നണിയ്‌ക്ക് വലിയ തകർച്ചയാകും നേരിടേണ്ടി വരുക. മഹാരാഷ്‌ട്രയിൽ 16 മുതൽ 20 സീറ്റുകൾ നേടുമെന്നും മദ്ധ്യപ്രദേശിൽ 0 മുതൽ 1 സീറ്റിലേക്ക് ചുരുങ്ങും.
ഛത്തീസ്ഗഡിൽ എൻഡിഎ 10 മുതൽ 11 സിറ്റുകൾ നേടുമ്പോൾ ഇൻഡി സഖ്യം 1 സീറ്റിലേക്ക് ചുരുങ്ങും. രാജസ്ഥാനിൽ എൻഡിഎ 24 മുതൽ 25 സീറ്റുകൾ നേടുമെന്നും ഉത്തർപ്രദേശിൽ എൻഡിഎ 70 മുതൽ 74 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. അതേസമയം, ഇൻഡി സഖ്യം രാജസ്ഥാനിൽ 0 മുതൽ 1 എന്ന നിലയിലും ഉത്തർപ്രദേശിൽ 4 മുതൽ 8 എന്ന നിലയിലേക്ക് ഒതുങ്ങുമെന്നുമാണ് സർവേ പറയുന്നത്.
ഗോവ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലും എൻഡിഎയുടെ തേരോട്ടം തുടരുമെന്നാണ് സർവേ പ്രവചിക്കുന്നത്. എന്നാൽ ഇവിടങ്ങളിൽ കോൺഗ്രസും ഇൻഡി സഖ്യവും വലിയ തിരച്ചടി നേരിടുമെന്നും സർവേ പറഞ്ഞുവെക്കുന്നു.















