കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ഷബ്‌ന എന്ന യുവതി ജീവനൊടുക്കിയ കേസിൽ ഭർതൃമാതാവ് നബീസയും അറസ്റ്റിൽ. കോഴിക്കോട്ടെ ലോഡ്ജിൽ നിന്നാണ് നബീസയെ പോലീസ് അറസ്റ്റ് ചെയ്തത്. ഷബ്‌നയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്നു ഇവർ. പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി.
ഷബ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മറ്റ് പ്രതികളായ ഭർത്താവ് ഹബീബ്, ഭർതൃസഹോദരി, ഭർതൃപിതാവ് എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. ഇവരെയും വൈകാതെ തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇവർക്കെതിരെയുള്ള കേസ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഷബ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ യുവതിയുടെ ഭർത്താവിന്റെ അമ്മാവൻ ഹനീഫ റിമാൻഡിലാണ്. സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചേർത്താണ് ഹബീബിന്റെ അമ്മാവൻ ഹനീഫയെ അറസ്റ്റ് ചെയ്തത്. ഹനീഫയുടെ ജാമ്യാപേക്ഷയും ഒളിവിൽ കഴിയുന്നവരുടെ മുൻകൂർ ജാമ്യാപേക്ഷയും വ്യാഴാഴ്ച പരിഗണിക്കും.















