തൂവാനത്തുമ്പിയിൽ മോഹൻലാൽ ഉപയോഗിച്ച ഭാഷ മഹാബോറെന്ന സംവിധായകൻ രഞ്ജിത്തിന്റെ പരാമർശം വൻ വിവാദങ്ങളിലേക്ക് വഴി തുറന്നിരുന്നു. മോഹൻലാലിന്റെ ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ സംസാരശെെലി ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ വിമർശനം. ‘മ്മ്ക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ’ ആ താളത്തിലൊന്നും അവിടുത്തുകാർ സംസാരിക്കാറില്ലെന്നാണ് രഞ്ജിത്തിന്റെ വാദം.
വൻ വിവാദമായ വിഷയത്തിൽ മോഹൻലാൽ മറുപടി പറഞ്ഞിരിക്കുകയാണ്. ആ സമയത്ത് എനിക്കു പറഞ്ഞുതരാൻ ആരുമില്ലാത്തതുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നാണ് മോഹൻലാൽ പറയുന്നത്. സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങളാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഞാൻ തൃശൂർകാരനല്ലല്ലോ. ആ സമയത്ത് പദ്മരാജൻ എന്ന സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങളായിരുന്നു ഞാൻ ചെയ്തത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട സിനിമയായിരുന്നു. എനിക്ക് അറിയാവുന്ന കാര്യങ്ങളല്ലേ അതിൽ പറയാൻ പറ്റൂ. അന്നെനിക്ക് അതു ശരിയായി കറക്ട് ചെയ്തു തരാൻ ആരുമില്ലായിരുന്നു.
തൃശൂർ ഓൾ ഇന്ത്യ റേഡിയോയിൽ ഉണ്ടായിരുന്ന ആളാണ് പദ്മരാജൻ. അവിടുത്തെ ഏറ്റവും വലിയ സൗഹൃദക്കൂട്ടായ്മയുള്ള ആളാണ്. തൃശൂർകാരെല്ലാം അങ്ങനെ തൃശൂർ ഭാഷ സംസാരിക്കാറില്ല. മനഃപൂർവം മോക്ക് ചെയ്ത് പല സ്ഥലത്തും ആ സിനിമയിൽ കാണിച്ചിട്ടുണ്ട്. ആ സമയത്ത് എനിക്കു പറഞ്ഞുതരാൻ ആരുമില്ലാത്തതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്.’- മോഹൻലാൽ പറഞ്ഞു.















