ഇടുക്കി: വണ്ടിപ്പെരിയാർ കേസിന്റെ വിധിയിൽ സിപിഎമ്മിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ. പ്രതിയെ വെറുതെ വിടാനുണ്ടായ സാഹചര്യത്തിന് ഉത്തരവാദികൾ ഇടതുപക്ഷ നേതാക്കന്മാരാണെന്നും കേസിലെ പ്രതിയായ അർജുൻ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനാണെന്നും സുധീർ പറഞ്ഞു.
കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. തുടക്കം മുതൽ കേസ് അട്ടിമറിക്കാനാണ് വാഴൂർ സോമൻ എംഎൽഎ അടക്കമുള്ള സിപിഎം, സിപിഐ നേതാക്കൾ ശ്രമിച്ചത്. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്താതിരിക്കാൻ എംഎൽഎ പരമാവധി ശ്രമിച്ചു.
ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കഴിഞ്ഞ മൂന്ന് വർഷമായി പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനെ രക്ഷിക്കാനായി പോലീസും, പ്രോസിക്യൂഷനും ഒത്തുകളിച്ചു. തെളിവുകൾ കോടതിയിൽ എത്തിച്ചില്ല. വാളയാർ കേസ് അട്ടിമറിച്ച അതേ മാതൃകയിലാണ് വണ്ടിപ്പെരിയാർ കേസും എൽഡിഎഫ് നേതാക്കൾ അട്ടിമറിച്ചതെന്ന് സുധീർ പറഞ്ഞു.