സ്ത്രീധന സമ്പ്രദായത്തെ രൂക്ഷമായി വിമർശിച്ച് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. താൻ സ്ത്രീധനം വാങ്ങിയല്ല വിവാഹം കഴിച്ചത്, തന്റെ മകളുടെ വിവാഹത്തിനും സ്ത്രീധനം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. നേര് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരുപാട് സിനിമകളിൽ സ്ത്രീധനത്തിനെതിരെ സംസാരിച്ച തന്റെ ഉള്ളിൽ എപ്പോഴും ഇത്തരം കാര്യങ്ങളെപ്പറ്റി സംഘർഷം ഉണ്ടാകാറുണ്ട്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്നും മോഹൻലാൽ പറഞ്ഞു.
‘ഒരുപാട് സിനിമയിൽ സ്ത്രീധനത്തിനെതിരെ പറയുന്ന ഒരാളെന്ന നിലയ്‌ക്ക് ഉള്ളിൽ ഒരു സംഘർഷം ഉണ്ടാകുമല്ലോ. ഒരു നടൻ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ സങ്കടം തോന്നും. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കേൾക്കുമ്പോൾ, പ്രതിയെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണു നമുക്ക് കേൾക്കേണ്ടത്. സമൂഹത്തിലുണ്ടാകുന്ന ഇത്തരം കുറ്റകൃത്യങ്ങളോട് നമുക്ക് ഒരുതരത്തിലുമുള്ള താൽപര്യമില്ല. അത്തരത്തിൽ സമൂഹത്തിൽ ഉണ്ടാകുന്ന ഒരു കുറ്റകൃത്യത്തെ കുറിച്ച് പറയുന്ന ഒരു സിനിമ കൂടിയാണ് നേര്.’ എന്നും മോഹൻലാൽ പറഞ്ഞു.
‘നേര്’ എന്ന സിനിമ സമൂഹത്തിലെ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ആണെന്നും മോഹൻലാൽ പറഞ്ഞു. ഇപ്പോഴുള്ള പെൺകുട്ടികൾ മാനസികമായി കരുത്തരാണെന്നും ചില പെൺകുട്ടികൾ വൈകാരികമായി പെട്ടുപോകുന്നതാണെന്നും സംവിധായകൻ ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു. ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെ അല്ല, അവർ വളരെ സ്ട്രോങ് ആണ്. എനിക്ക് രണ്ടു പെൺകുട്ടികളാണ്. സ്ത്രീധനം ചോദിക്കുന്നവനെ ഞാൻ കെട്ടില്ല എന്ന് അവർ പറഞ്ഞിട്ടുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു.















