ന്യൂഡൽഹി: കർണാടകയിലെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പോരിൽ ഇടപെട്ട് സുപ്രീംകോടതി. ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ ഡി. രൂപ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാനും മാപ്പ് പറയാനും കോടതി വാക്കാൽ നിർദ്ദേശിച്ചു. തനിക്കെതിരെ രോഹിണി സിന്ദൂരി ഫയൽ ചെയ്ത മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രൂപ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് അഭയ് എസ് ഓക്കയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിർദ്ദേശം മുന്നോട്ട് വച്ചത്.
2023 ഫെബ്രുവരിയിലാണ് കർണാടകയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ രൂക്ഷമായ പോര് തുടങ്ങിയത്. ഇരുവരും തമ്മിലുള്ള വാക്‌പോരാണ് പിന്നീട് സമൂഹമാദ്ധ്യമങ്ങളിലേക്ക് എത്തിയത്. രോഹിണി സിന്ദൂരിയുടെ ചില സ്വകാര്യചിത്രങ്ങൾ രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥർക്ക് രോഹിണി സിന്ദൂരി അയച്ചുനൽകിയ
ചിത്രങ്ങളാണിതെന്ന് അവകാശപ്പെട്ടാണ് ചിത്രങ്ങൾ രൂപ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്. രോഹിണി സിന്ദൂരിക്കെതിരെ അഴിമതി ഉൾപ്പെടെയുള്ള ഇരുപതോളം ആരോപണങ്ങളാണ് രൂപ സാമൂഹികമാദ്ധ്യമങ്ങളിലൂടെ ഉന്നയിച്ചത്.
അതേസമയം, രൂപയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മാനസികനില തെറ്റിയപോലെയാണ് അവർ പെരുമാറുന്നതെന്നും രോഹിണി സിന്ദൂരി പ്രതികരിച്ചിരുന്നു. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽനിന്നും വാട്‌സാപ്പ് സ്റ്റാറ്റസുകളിൽനിന്നും സ്‌ക്രീൻഷോട്ടെടുത്ത ചിത്രങ്ങളാണ് രൂപ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ചില ഉദ്യോഗസ്ഥർക്ക് അയച്ചുനൽകിയതാണെന്നാണ് അവരുടെ അവകാശവാദം. അങ്ങനെയാണെങ്കിൽ ആ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താൻ ആവശ്യപ്പെടുകയാണെന്നും രൂപയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും രോഹിണി സിന്ദൂരി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് രോഹിണി സിന്ദൂരി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. താൻ നേരിട്ട അപമാനത്തിനും മാനസിക പ്രയാസത്തിനും നഷ്ടപരിഹാരമായി ഡി. രൂപ ഒരു കോടി രൂപ നൽകണമെന്നും നിരുപാധികമായി മാപ്പ് എഴുതി നൽകണമെന്നുമായിരുന്നു ആവശ്യം.















