വാഷിംഗ്ടൺ : താൻ ഹിന്ദുവായത് ഉന്നത പദവിയിലെത്തുന്നതിന് തടസ്സമല്ലെന്ന് അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വിവേക് രാമസ്വാമി . താൻ ഒരു ഹിന്ദുവാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, രാഷ്‌ട്രീയ നേട്ടങ്ങൾക്കായി വഞ്ചനാപരമായി മതം മാറില്ലെന്നും വ്യക്തമാക്കി . സ്വകാര്യ ചാനൽ നടത്തിയ ചർച്ചയിലായിരുന്നു വിവേക് രാമസ്വാമിയുടെ ഈ പരാമർശം .
ക്രിസ്തുമതം പ്രചരിപ്പിക്കാൻ ഏറ്റവും യോഗ്യതയുള്ള സ്ഥാനാർത്ഥി താനാണ്. എന്നാൽ ഇത് അമേരിക്കൻ പ്രസിഡന്റിന്റെ ജോലിയല്ലെന്ന് താൻ വിശ്വസിക്കുന്നു. അമേരിക്ക സ്ഥാപിച്ച മൂല്യങ്ങൾക്കായി പ്രവർത്തിക്കും. ഒരു ഹിന്ദു എന്ന നിലയിൽ താൻ പഠിച്ച ജൂഡോ-ക്രിസ്ത്യൻ മൂല്യങ്ങൾക്കായി നിലകൊള്ളും.- അദ്ദേഹം പറഞ്ഞു.
താൻ ഹിന്ദുവാണെങ്കിലും താൻ പഠിച്ചത് ക്രിസ്ത്യൻ സ്‌കൂളായ സെന്റ് സേവ്യേഴ്‌സിൽ നിന്നാണ്. ഹിന്ദുമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും അടിസ്ഥാന തത്വങ്ങൾ ഏതാണ്ട് ഒരുപോലെയാണെന്ന് വിശ്വസിക്കുന്നു. ദൈവം എല്ലാവരേയും ചില ലക്ഷ്യങ്ങൾക്കായി അയച്ചതാണെന്നും അത് നേടേണ്ടത് ഓരോ വ്യക്തിയുടെയും ധാർമിക കടമയാണെന്നും അവരുടെ മതം അവരെ പഠിപ്പിക്കുന്നു. കുടുംബമാണ് അടിസ്ഥാനം, വിവാഹം പവിത്രമാണ്, വിവാഹമോചനം ഒരു ഓപ്ഷനല്ല- എന്നും വിവേക് രാമസ്വാമി പറഞ്ഞു.















