പാലക്കാട്: കള്ളപ്പണം കടത്തുന്നതിനിടെ വിവിധഭാഷാ തൊഴിലാളി പിടിയിൽ. മഹാരാഷ്‌ട്ര സ്വദേശി താനാജി ഷിൻഡെയാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും പട്ടാമ്പിയിലേയ്‌ക്ക് കടത്തുന്നതിനിടെ വാളയാറിൽവച്ച് എക്സൈസ് ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. 26 ലക്ഷം രൂപയാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്.
വസ്ത്രത്തിൽ പ്രത്യേകം തുന്നിച്ചേർത്ത അറയിൽ ഒളിപ്പിച്ചാണ് ഇയാൾ പണം കടത്തിയത്. കാഴ്ചയിൽ ജാക്കറ്റെന്ന് തോന്നുന്ന തരത്തിലായിരുന്നു വസ്ത്രം തയ്യാറാക്കി പണം ഒളിപ്പിച്ചത്. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് പരിശോധിച്ചതോടെയാണ് പണം കണ്ടെത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
അറയുള്ള ബനിയനിൽ നേരത്തെയും ഇയാൾ പണം കടത്തിയിട്ടുണ്ട്. പരിശോധന മറികടക്കാനാണ് സാധാരണ യാത്രക്കാരനായി ബസിൽ സഞ്ചരിച്ചതെന്നും ഇയാൾ മൊഴി നൽകി. എന്നാൽ ആർക്ക് വേണ്ടിയാണ് പണം കടത്തിയതെന്നോ എവിടെ നിന്ന് കൊണ്ടുവന്നു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ മറുപടി നൽകിയിട്ടില്ല.