ഇടുക്കി: 12 വർഷത്തിന് ശേഷം ലഭിച്ച പൊന്നോമനയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കിയ കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ആറുവയസുകാരിയുടെ കുടുംബം. പോലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചെന്നും കുട്ടിയുടെ അച്ഛൻ ആരോപിക്കുന്നു.
പട്ടിക ജാതി-പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തി. ഈ നിയമം ചുമത്തിയാൽ ആനുകൂല്യം ലഭിക്കില്ലെന്ന കത്ത് വന്നപ്പോഴാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് അറിഞ്ഞത്. എസ് സി-എസ് ടി ആക്ട് ചുമത്തിയാൽ ഡിവൈ.എസ്പി അന്വേഷണം നടത്തണമെന്നും ഇത് ഒഴിവാക്കാനാണ് വകുപ്പ് ചുമത്താതിരുന്നതെന്നും മാതാപിതാക്കൾ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. പ്രതി അർജുൻ പള്ളിയിൽ പോകുന്ന ആളാണെന്ന് പോലീസിനെ അറിയിച്ചിരുന്നുവെന്നും എന്നിട്ടും പോലീസ് അലംഭാവം കാണിച്ചെന്ന് കുടുംബം ആരോപിക്കുന്നു. തെളിവെടുപ്പിനിടെ കുട്ടിയെ കൊലപ്പെടുത്തിയത്തെ എങ്ങനെയെന്ന് പ്രതി തന്നെ പറഞ്ഞതാണെന്നും സമ്മതിച്ചതാണെന്നും മാതാവ് പറഞ്ഞു. എന്നിട്ടും കുറ്റം തെളിക്കാൻ കഴിയുന്നില്ലെന്ന പറയുന്നത് എങ്ങനെയെന്നും അമ്മ തുറന്നടിച്ചു.
ഇത് സംബന്ധിച്ച് ഡിവൈ.എസ്പിക്ക് പരാതി നൽകിയിരുന്നു. സിഐയെ സമീപിക്കാനായിരുന്നു മറുപടി. പിന്നീട് പീരുമേട് എംഎൽഎയുടെ കത്തും നൽകി. എന്നിട്ടും പോലീസ് ഇക്കാര്യത്തിൽ പ്രതിക്കൊപ്പം നിന്നു. കേസ് നീണ്ട് പോകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നുവെന്നും പിതാവ് പറഞ്ഞു.
പ്രതി അർജുനെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവുമായി കുട്ടിയുടെ കുടുംബം അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞത് മാത്രമാണ് ജഡ്ജി കേട്ടതെന്നും കുട്ടിയുടെ കുടുംബം പ്രതികരിച്ചു. പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ പ്രോസിക്യൂഷൻ അടുത്ത ദിവസം അപ്പീൽ നൽകും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അനുമതി ലഭിക്കുന്ന മുറയ്‌ക്ക് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ളയും വ്യക്തമാക്കി.















