പപ്പായ- ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും ഒഴിച്ചുകൂടാനാവത്ത ഒന്ന്. ഇതിലെ പപ്പൈൻ എന്ന എൻസൈമിന്റെ സാന്നിദ്ധ്യം ആരോഗ്യത്തിനേറെ നല്ലതാണ്. ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും വിറ്റാമിൻ ബിയും പപ്പായയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ നാരുകൾ കെളസ്ട്രോളിനെ കുറയ്‌ക്കുന്നു. ശരീരഭാരം കുറയ്‌ക്കാനും യുവത്വം നിലനിർത്താനും ആഗ്രഹിക്കുന്നവർ പപ്പായയെ കൂട്ടുപിടിക്കുന്നു.
ഗുണമുണ്ടെന്ന് കരുതി മുന്നും പിന്നും നോക്കാതെ പപ്പായ കഴിക്കുന്നവരാകും ചിലരെങ്കിലും. എന്നാൽ എല്ലാത്തരത്തിലുള്ളവർക്കും പപ്പായ നന്നല്ല. ഇനി പറയുന്നവർ പപ്പായ കഴിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് നല്ലതായിരിക്കും.
1) ഗർഭിണികൾ
സ്ഥിരമായി ഗർഭിണികൾ പപ്പായ കഴിക്കുന്നത് ഒഴിവാക്കണം. ഭ്രൂണത്തിന് ഹാനികരുമെന്നതിനാലാണ് ഗർഭിണി പപ്പായ ഒഴിവക്കണമെന്ന് പറയുന്നത്. ഇതിൽ അടങ്ങിയിട്ടുള്ള ലാറ്റക്സിന്റെ ഉയർന്ന സാന്ദ്രത ഗർഭാശയത്തിന്റെ സങ്കോചത്തിന് കാരണമായേക്കാം. ഭ്രൂണവികാസനത്തിന് പപ്പെെന് ഘടകവും പ്രതിസന്ധി സൃഷ്ടിക്കും. പലപ്പോഴും ഗർഭം അലസാൻ പപ്പായ കാരണമാകുന്നു. അല്ലെങ്കിൽ ജനന വൈകല്യങ്ങൾക്ക് കാരണമാകും.
2) മരുന്നുകൾ കഴിക്കുന്നവർ
ഏതെങ്കിലും മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവർ പപ്പായ കഴിക്കുന്നത് ഒഴിവാക്കണം. രക്തത്തിന്റെ കട്ടി കുറയ്‌ക്കുന്ന മരുന്നുകളുമായി പപ്പായ പ്രതിപ്രവർത്തനങ്ങൾ നടത്തിയേക്കാം. ഇത് രക്തസ്രാവത്തിന് ഇടയാക്കും.
3) അലർജി ഉള്ളവർ
പപ്പായയിലെ പപ്പൈൻ എന്ന എൻസൈം അലർജിക്ക് കാരണമാകുന്നു. വീക്കം, തലകറക്കം, തലവേദന, തിണർപ്പ്, ചർമ്മത്തിൽ ചൊറിച്ചിൽ എന്നിവയാണ് ലക്ഷണങ്ങൾ. പപ്പായ അധികമായാൽ ശ്വാസകോശത്തെ ബാധിക്കും. ആസ്തമ, കഫക്കെട്ട്, ശ്വാസോച്ഛ്വാസ പ്രശ്നങ്ങൾ തുടങ്ങിയ കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമായേക്കാം.
4) പ്രമേഹ രോഗികൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്‌ക്കാൻ പപ്പായയ്‌ക്ക് കഴിയും. അതുകൊണ്ട് പ്രമേഹം ഉള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരമേ പപ്പായ കഴിക്കാവൂ.
5) ദഹന പ്രശ്നമുള്ളവർ
പപ്പായയുടെ തൊലിയിൽ ലാറ്റെക്സ് അടങ്ങിയിട്ടുണ്ട്. ഇത് വയറുവേദനയ്‌ക്ക് കാരണമായേക്കാം. അന്നനാളത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും ഇത് കാരണാകും. അതുകൊണ്ട് അമിതമായി പപ്പായ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.