ന്യൂഡൽഹി: 2040-ഓടെ ഇന്ത്യയിൽ നിന്നും ഒരു മനുഷ്യനെങ്കിലും ചന്ദ്രനിൽ എത്തുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ചന്ദ്രയാൻ 3 കേവലം തുടക്കമാണെന്നും അദ്ദേഹം അറിയിച്ചു. ഭാരതം ലോകത്തിനു മുന്നിൽ കുതിച്ചുയരുന്ന കാഴ്ചയ്ക്കാണ് ഏവരും സാക്ഷ്യം വഹിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
” ഇന്നു നമ്മൾ ലോകത്തിന്റെ നെറുകയിലാണ്. ചന്ദ്രയാൻ 3 അതിനായി തുടക്കം കുറിച്ചു. എന്നാൽ അതൊരു തുടക്കം മാത്രമാണ്. 2040-ഓടെ ചന്ദ്രനിൽ കാൽ കുത്താൻ ഇന്ത്യക്കാർക്ക് സാധിക്കും. വികസിത ഭാരതമാണ് നമ്മുടെ ലക്ഷ്യം. ഇതിനുപുറമെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനും ഇന്ത്യയുടെ അഭിമാനം ഉയർത്തും.” – ഹർദീപ് സിംഗ് പുരി പറഞ്ഞു.
2025- ഓടെയാണ് ഗഗൻയാന്റെ വിക്ഷേപണം നടത്താൻ ഇസ്രോ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ മാത്രമല്ല തിരികെ എത്തിക്കാനും ഭാരതത്തിന് സാധിക്കുമെന്ന് ഇസ്രോ വ്യക്തമാക്കിയിരുന്നു. പ്രൊപ്പൽഷൻ മൊഡ്യൂൾ ചാന്ദ്ര ഭ്രമണപഥത്തിൽ നിന്നും ഭൗമ ഭ്രമണപഥത്തിൽ പ്രവേശിച്ചതായി ഇസ്രോ മുമ്പ് അറിയിച്ചിരുന്നു. ചന്ദ്രനിൽ മനുഷ്യരെ എത്തിക്കാനുള്ള ശ്രമങ്ങളിൽ നാഴികക്കല്ലുകൾ പതിപ്പിച്ച ഇസ്രോയ്ക്കും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രശംസ അറിയിച്ചിരുന്നു. പ്രൊപ്പൽഷൻ മൊഡ്യൂളിൽ ഇന്ധനം ബാക്കിയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഭാവി ദൗത്യങ്ങൾ പഠിക്കുന്നതിനായി പേടകത്തെ തിരികെ എത്തിക്കാൻ തീരുമാനമായത്.
നിലവിൽ ഭൂമിയിൽ നിന്നും 1.5 ലക്ഷം കീലോമീറ്റർ അകലത്തിൽ നിൽക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിനെ തിരികെ എത്തിക്കുന്നത് വിജയകരമായാൽ 2040-ഓടെ ഇന്ത്യയ്ക്കും മനുഷ്യരെ ചന്ദ്രനിൽ എത്തിക്കുന്നത് സാധ്യമാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.