തിരുവനന്തപുരം; ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ തുറന്നടിച്ച് കൗൺസിൽ അംഗങ്ങൾ. അക്കാദമിയിൽ നടക്കുന്നത് സംവിധായകൻ രഞ്ജിത്തിന്റെ മാടമ്പിത്തരമാണ്. സർക്കാർ ഒന്നുകിൽ ഇതിനെ തിരുത്തുകയോ അയാളെ പുറത്താക്കുകയോ വേണമെന്ന് അംഗങ്ങൾ തുറന്നടിച്ചു. ചെയർമാൻ മുണ്ടിന്റെ അറ്റം പിടിച്ച് ആറാം തമ്പുരാനായി നടക്കുന്നത് കൊണ്ടല്ല ഐഎഫ്എഫ്കെ ഭംഗിയായി നടക്കുന്നത്. പലരീതിയിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും രഞ്ജിത്തിന്റെ പെരുമാറ്റം സഹിക്കാനാവുന്നതല്ല. രഞ്ജിത്തിന്റെ മാടമ്പിത്തരം കാണാൻ ഇത് വരിക്കാശ്ലേരി മനയല്ല, ചലച്ചിത്ര അക്കാദമിയാണ്.
കുക്കു പരമേശ്വരനെ വിളിച്ചിട്ട് ഇല്ല. പത്രസമ്മേളനം നടക്കുന്നതിന് മുന്നേ ഒന്ന് വിളിച്ച് സംസാരിക്കാൻ പോലും തയ്യാറായില്ല. ചെയർമാന്റെ മാടമ്പിത്തരത്തിന് എതിരായാണ് സംസാരിക്കുന്നത്. കുക്കു പരമേശ്വരന് ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളുണ്ട്. ഒരു സുപ്രഭാതത്തിൽ ചെയർമാൻ വിളിച്ച് വരണ്ട എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ ആകില്ല. ജനാധിപത്യപരമായല്ല ചെയർമാൻ കാര്യങ്ങൾ നടപ്പിലാക്കുന്നത്. ചെയർമാനോട് യതൊരു വിധേയത്വവുമില്ല. അസംബന്ധമാണ് രഞ്ജിത്ത് വിളമ്പുന്നത്. എല്ലാരോടും പുച്ഛമാണ് രഞ്ജിത്തിനുള്ളതെന്നും കൗൺസിൽ അംഗങ്ങൾ ആരോപിച്ചു. അക്കാദമിയിൽ ആകെയുള്ള 15 അംഗങ്ങളിൽ ഒമ്പത് പേരും ചെയർമാന് എതിരാണ്. എന്നാൽ വിമർശനങ്ങൾ ശക്തമാകുമ്പോഴും രാജിവയ്‌ക്കില്ലെന്ന ഉറച്ച നിലപാടിലാണ് രഞ്ജിത്ത്.