സുരേഷ്‌ഗോപി നായകനാകുന്ന 257- മത്തെ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. ‘എസ്ജി 257’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്. ചിത്രത്തിന്റെ പൂജ ഇന്ന് ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്നു. നടൻ സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും രാജാസിംഗ് ഫസ്റ്റ് ക്ലാപ്പ് നൽക്കുകയും ചെയ്തു. ക്ഷേത്രത്തിൽ വച്ച് നടന്ന ലളിതമായ പൂജാ ചടങ്ങിൽ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
പൂർണമായും ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ‘എസ്ജി 257’ ൽ പ്രശസ്ത നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും മുഖ്യവേഷത്തിലെത്തും. സുരേഷ് ഗോപി നായകനായ കാവൽ എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു സനൽ വി ദേവൻ. സുരേഷ് ഗോപിക്കൊപ്പം ഒരു ചിത്രമുണ്ടാകുമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. സുരേഷ് ഗോപി ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമായിരിക്കും തന്റെ വരാനിരിക്കുന്ന ചിത്രത്തിലേതെന്നും സനൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
മാവെറിക്ക് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡിന്റെ ബാനറിൽ വിനീത് ജെയ്‌നും സഞ്ജയ് പടിയൂർ എന്റർടൈൻമെന്റിന്റെ ബാനറിൽ സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജിത്തു കെ ജയന്റെ കഥയ്‌ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മനു സി കുമാറാണ്.അജയ് ഡേവിഡ് കാച്ചിലപ്പിള്ളിയാണ് ഛായാഗ്രഹണം. രാഹുൽ രാജ് സംഗീതവും മൻസൂർ മുത്തൂട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ആർട്ട്-സുനിൽ കെ ജോർജ്, കോസ്റ്റ്യൂം- നിസാർ റഹ്‌മത്ത്, മേക്കപ്പ്- റോണക്‌സ് സേവ്യർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.















