തൃശൂർ: സംസ്ഥാനത്തെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ജനുവരി രണ്ടിന് സ്ത്രീശക്തി സംഗമം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്ത്രീശക്തി സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും അദ്ദേഹത്തിന് കേരളത്തിന്റെ ആദരവ് അറിയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പരിപാടിയിൽ അംഗനവാടി, തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ വിവിധ വിഭാഗം സ്ത്രീകൾ പ്രധാനമന്ത്രിയെ കാണാനെത്തും. ചരിത്രപരമായ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്ന ചടങ്ങ് കൂടിയായിരിക്കും ഇതെന്ന് സുരേന്ദ്രൻ പറഞ്ഞു.
സർക്കാരിന്റെ കഴിവ് കേട് മറച്ചുവെക്കാൻ പച്ചക്കള്ളം പ്രചരിപ്പിച്ച് കേന്ദ്രവിരുദ്ധ വികാരമുണ്ടാക്കാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം ഇനി നടക്കില്ല. പ്രധാനമന്ത്രി വരുമ്പോൾ കള്ളപ്രചരണങ്ങൾ പൊളിയുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് അസ്വസ്ഥത വർദ്ധിക്കുന്നത്. മൂന്നാം വന്ദേഭാരത് കേരളത്തിന് ലഭിക്കുന്നത് സന്തോഷകരമാണ്. എന്നാൽ സംസ്ഥാന സർക്കാരിന് ധൂർത്തടിക്കാൻ കേന്ദ്രം പണം കൊടുക്കണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
പ്രധാനമന്ത്രി കേരളത്തിലെത്തുന്ന വിവരം സുരേന്ദ്രൻ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജനുവരി 2-ന് ഉച്ചക്ക് 12 മണിക്കാണ് പ്രധാനമന്ത്രി തൃശൂരിലെത്തുന്നത്. തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു.















