തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെ മറയാക്കി തലസ്ഥാനത്ത് വൻ സാമ്പത്തിക തട്ടിപ്പ്. സ്ത്രീകൾക്ക് നൽകുന്ന സ്വയം തൊഴിൽ വായ്പയിലാണ് വ്യാജ മിനിട്‌സ് ബുക്കും ഒപ്പും തയ്യാറാക്കി തട്ടിപ്പ് നടത്തിയത്. ചെറിയതുറയിലെ നാല് സംഘങ്ങൾക്കായി അനുവദിച്ച ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് പൂവച്ചൽ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിയെടുത്തത്. ഇതേതുടർന്ന് ചെറിയതുറയിലെ ഇരുപതോളം സ്ത്രീകൾ ലക്ഷങ്ങളുടെ കടക്കെണിയിലായിരിക്കുകയാണ്.
2023 മാർച്ചിലാണ് അയൽക്കാരിയായ ഗ്രേസി കോർപ്പറേഷനിൽ നിന്ന് വായ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് വനിതാ സംഘത്തെ സമീപിച്ചത്. പിന്നീട് രണ്ട് സ്ത്രീകൾ കൂടി കോർപ്പറേഷനിലെ ജോലിക്കാരെന്ന പേരിൽ എത്തി. വായ്പ അനുവദിക്കാനായി തട്ടിപ്പ് സംഘം പാസ് ബുക്ക് ഉൾപ്പടെയുള്ള തിരിച്ചറിയൽ രേഖകൾക്കൊപ്പം വെള്ള കടലാസിൽ ഒപ്പിട്ട് വാങ്ങി. ഇതേതുടർന്ന് കോർപ്പറേഷൻ ലോൺ അനുവദിച്ചെങ്കിലും ലോൺ ലഭിച്ചില്ലെന്നാണ് വനിതാ സംഘം കരുതിയിരുന്നത്. ഏതാനും മാസം കഴിഞ്ഞപ്പോൾ വായ്പ തിരിച്ചടച്ചില്ലെന്ന പേരിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം ഇവർ അറിയുന്നത്.
കോർപ്പറേഷനിൽ നിന്ന് വസ്ത്രനിർമാണ യൂണിറ്റ് തുടങ്ങാനുള്ള വായ്പയാണ് അനുവദിച്ചിരുന്നത്. 5 ലക്ഷം രൂപ ലഭിക്കുമ്പോൾ മൂന്നേമുക്കാൽ ലക്ഷം രൂപ സബ്‌സിഡിയാണ്. ഒന്നേകാൽ ലക്ഷം രൂപ മാത്രം വായ്പയിനത്തിൽ തിരിച്ചടച്ചാൽ മതി. വായ്പ അനുവദിച്ചിരിക്കുന്ന തുക എത്തിയത് പൂവച്ചലിലെ അനീന ട്രെഡേഴ്‌സ് എന്ന അക്കൗണ്ടിലേക്കാണ്. സ്ത്രീകളുടെ വസ്ത്രനിർമാണ യൂണിറ്റിലേക്ക് തുണിത്തരങ്ങളടക്കം വിതരണം ചെയ്യുന്ന കരാറുകാർ എന്ന പേരിലാണ് ഈ അക്കൗണ്ടിലേക്ക് പണമെത്തിയത്. അനീന ട്രെഡേഴ്‌സിന് പണം കൈമാറാൻ സ്ത്രീകൾ സമ്മതപത്രം ഒപ്പിട്ടു തന്നതിനാലാണ് പണം നൽകിയതെന്നാണ് ബാങ്കിന്റെ വിശദീകരണം. ഇവരിൽ നിന്ന് ഒപ്പിട്ട് വാങ്ങിയ കടലാസ് ഉപയോഗിച്ച് വായ്പാ തുക തട്ടിപ്പ് സംഘത്തിന്റ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.