ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് ഇന്ത്യയിലെത്തി. ഇത് ആദ്യമായാണ് ഒമാൻ സുൽത്താൻ ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്തവളത്തിലെത്തിയ അദ്ദേഹത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്വീകരിച്ചു. കേന്ദ്രമന്ത്രി വി മുരളീധരൻ ഒക്ടോബറിൽ ഒമാൻ സുൽത്താനേറ്റ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒമാൻ ഭരണാധികാരിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന ക്രിയാത്മക ചർച്ചകൾ പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണവും ഉഭയകക്ഷി ബന്ധവും ദൃഢമാകാൻ ഒമാൻ സുൽത്താന്റെ സന്ദർശനം വഴിയൊരുക്കും. എംഇഎ വക്താവ് അരിന്ദം ബാഗ്ചി എക്സിൽ കുറിച്ചു.
രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ക്ഷണപ്രകാരമാണ് സുൽത്താൻ ഹൈതം ബിൻ താരിക് ഇന്ത്യ സന്ദർശിക്കുന്നത്. നാളെ രാഷ്‌ട്രപതി ഭവനിൽ ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്ന് സുൽത്താനെ ആചാരപരമായി സ്വീകരിക്കും. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി സുൽത്താൻ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നിലും സുൽത്താൻ പങ്കെടുക്കും. പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അടിത്തറയിൽ കെട്ടിപ്പടുത്ത ഇന്ത്യ-ഒമാൻ ബന്ധം സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ദീർഘകാല ചരിത്രം പങ്കിടുന്നുവെന്ന് എംഇഎ പ്രസ്താവനയിൽ പറഞ്ഞു. ഒമാൻ സുൽത്താനെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സന്ദർശിക്കുമെന്ന് എംഇഎ അറിയിച്ചു.















